മലപ്പുറം: വനത്തോട് ചേർന്നുള്ള ജില്ലയുടെ മലയോര മേഖലകളിൽ കടുവയുടെ സാന്നിദ്ധ്യം സ്ഥീരീകരിച്ചിട്ടുണ്ടെങ്കിലും ആക്രമണവും മരണവും ഇതാദ്യം. ഇര തേടാനാവാത്ത തരത്തിൽ പരിക്കേറ്റതും വാർദ്ധക്യവും അസുഖവും ബാധിച്ചതുമായ കടുവകളാണ് സാധാരണ ഇര തേടി ജനവാസകേന്ദ്രങ്ങളിൽ എത്താറുള്ളത്. കാളികാവ് അടക്കാകുണ്ടിൽ ഒരാളുടെ ജീവനെടുത്ത കടുത്ത ഇത്തരത്തിലുള്ളതാണോ എന്ന സംശയം ബലപ്പെടുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പെടെ കടുവകളുടെ സാന്നിദ്ധ്യം പലവട്ടം റിപ്പോർട്ട് ചെയ്തിട്ടും ജില്ലയുടെ വനമേഖലയിൽ കൃത്യമായി എത്ര കടുവകൾ ഉണ്ടെന്ന കണക്ക് അധികൃതർക്കില്ല. വയനാടൻ കാടുകളിൽ നിന്നാണ് ജില്ലയിലേക്ക് കടുവകൾ എത്തുന്നതെന്നാണ് നിഗമനം. വയനാടൻ കാടുകളിൽ നൂറ് ചതുരശ്ര കീലോമീറ്ററിൽ എട്ട് കടുവകൾ ഉണ്ടെന്നാണ് കണക്ക്. പത്ത് വർഷത്തിനിടെ വയനാട്ടിൽ നിന്ന് മാത്രം 36 കടുവകളെ വനം വകുപ്പ് ജനവാസകേന്ദ്രങ്ങളിൽ നിന്ന് പിടികൂടിയത്. ഇക്കാലയളവിൽ സംസ്ഥാനത്ത് കടുവയുടെ ആക്രമണത്തിൽ പത്ത് പേർക്ക് ജീവൻ പൊലിഞ്ഞിട്ടുണ്ട്. ഇതിൽ എട്ട് പേർ വയനാട്ടിൽ നിന്നും ഒരാൾ മലപ്പുറം, ഇടുക്കി ജില്ലകളിൽ നിന്നുമാണ്.
കേന്ദ്ര വന മന്ത്രാലയം ലോക്സഭയിൽ അവതരിപ്പിച്ച കണക്ക് പ്രകാരം കേരളത്തിൽ 190 കടുവകൾ ഉണ്ടെന്നാണ് പറയുന്നതെങ്കിൽ സംസ്ഥാന സർക്കാർ നിയമസഭയിൽ വെച്ച് കണക്കിൽ 213 എണ്ണമാണ്. കർണ്ണാടകയിൽ 524 കടുവകളുണ്ട്. ബന്ദിപ്പൂർ, മുതുമല ഉൾപ്പെടെ വയനാടൻ കാടുകളുമായി അതിർത്തി പങ്കിടുന്നുണ്ട്. കാടിന് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കടുവകൾ ഉള്ളതിനാൽ മറ്റിടങ്ങളിലേക്ക് ഇവ എത്താനുള്ള സാദ്ധ്യതയും ഏറെയാണ്. വനത്തിൽ 60 മുതൽ 100 കിലോമീറ്റർ ദുരം വരെ തങ്ങളുടെ അതിർത്തിയായി കടുവകൾ അടയാളപ്പെടുത്താറുണ്ട്. ഈ നിശ്ചിത അതിർത്തിക്കുള്ളിൽ മറ്റ് കടുവകൾ എത്തിപ്പെടുമ്പോൾ ടെറിറ്ററി നിലനിർത്താനോ പിടിച്ചെടുക്കാനോ വേണ്ടി പരസ്പരം ആക്രമിക്കപ്പെടാറുണ്ട്. പരിക്കേൽക്കുകയോ പിന്മാറുകയോ ചെയ്യപ്പെടുന്ന കടുവകൾ ഒഴിഞ്ഞു കിടക്കുന്ന ടെറിറ്ററികൾ തേടി പോവാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ജില്ലയുടെ വനമേഖലയിൽ എത്തിയ കടുവയാവാം അടയ്ക്കാകുണ്ടിൽ യുവാവിന്റെ ജീവനെടുത്തതെന്ന വിലയിരുത്തലുകളുണ്ട്.
കൊല്ലുക എളുപ്പമല്ല
അതീവ സുരക്ഷാ വിഭാഗത്തിലുൾപ്പെടുന്ന വന്യജീവിയെ വെടിവെച്ച് കൊല്ലേണ്ടത് തീർത്തും അനിവാര്യമാണെന്ന് ബോദ്ധ്യപ്പെട്ടാൽ സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാനാവും. എന്നാൽ കടുവ അതീവ സുരക്ഷാ വിഭാഗത്തിലുൾപ്പെടുന്ന ജീവിയും ദേശീയ മൃഗവുമായതിനാൽ സംസ്ഥാനത്തിന് മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ല. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് വൈൽഡ് ലൈഫ് പ്രിസർവേഷനാണ് ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. കൊല്ലാൻ അപൂർവ്വമായി മാത്രമേ ഉത്തരവ് പുറപ്പെടുവിപ്പിക്കാറുള്ളൂ. നടപടിക്രമങ്ങൾ മൂലം വെടിവെച്ച് കൊല്ലാനുള്ള അനുമതിക്ക് കാലതാമസവും വരാം. വനമേഖലയിൽ മറ്റ് കടുവകളുണ്ടെങ്കിൽ അതിൽ നിന്ന് നരഭോജി കടുവയെ ക്യാമറ ട്രാപ്പുകൾ വഴിയോ മറ്റോ കൃത്യമായി തിരിച്ചറിയണം. ഇതും എളുപ്പമല്ല.
പൊറുതിമുട്ടി ജനം
മൂന്ന് വർഷത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 1,306 മനുഷ്യ- വന്യജീവി സംഘർഷങ്ങളാണ്. 2022 മുതൽ 2024 വരെയുള്ള കാലയളവിൽ 28 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. 67 പേർക്ക് പരിക്കേറ്റു. നിലമ്പൂർ നോർത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലാണ് 70 ശതമാനത്തോളം വന്യജീവി ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യുന്നത് എന്നാണ് വനം വകുപ്പിന്റെ കണക്കുകൾ തെളിയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |