മലപ്പുറം: ദാരിദ്ര്യനിർമാർജനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമാക്കി 1998ൽ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് രൂപം നൽകിയ കുടുംബശ്രീക്ക് ഇന്ന് 27 വയസ്സ് പൂർത്തിയാകുന്നു. സാമൂഹികപരവും സാമ്പത്തികപരവുമായ പ്രവർത്തനങ്ങൾ കൊണ്ട് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സംഘടനാ സംവിധാനങ്ങളിൽ ഒന്നായി കുടുംബശ്രീ മാറിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ 33,512 അയൽക്കൂട്ടങ്ങളിലായി 5,41,788 പേരും, 1,407 ഓക്സിലറി ഗ്രൂപ്പുകളിലായി 16,884 പേരും നിലവിൽ കുടുംബശ്രീ അംഗങ്ങളായിട്ടുണ്ട്. 10,286 സൂക്ഷ്മ സംരംഭങ്ങളും, 3,489 ഹരിത കർമ്മ സേനാംഗങ്ങളും, 4,358 ബാലസഭകളും, 67 ബഡ്സ് സ്ഥാപനങ്ങളും, തദ്ദേശീയ മേഖലയിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി 22 ബ്രിഡ്ജ് കോഴ്സ് സ്ഥാപനങ്ങളും, മൃഗസംരക്ഷണ മേഖലയിൽ 39 പ്രൊഡ്യൂസർ ഗ്രൂപ്പുകളും,കാർഷിക മേഖലയിൽ 30 പ്രൊഡ്യൂസർ ഗ്രൂപ്പുകളും, 6,750 സംഘകൃഷി ഗ്രൂപ്പുകളും 95 കാർഷിക നഴ്സറികളും, 240 ചെറുകിട മൂല്യ വർദ്ധന യൂണിറ്റുകളും, 45 ഇടത്തരം മൂല്യ വർദ്ധന യൂണിറ്റുകളും, സ്‌നേഹിത ഹെൽപ്പ് ഓഫീസും, 6 സ്‌നേഹിത പൊലീസ് എക്സ്റ്റൻഷൻ സെന്ററുകളും ഒരു സബ് സെന്ററും കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നിലവിൽ ജില്ലയിൽ പ്രവർത്തിച്ചുവരുന്നു. 5,837 പേർ ഡി.ഡി.യു ജി.കെ. വൈ പദ്ധതിയിലൂടെ തൊഴിൽ നേടുകയും ചെയ്തു.
കുടുംബശ്രീയുടെ ഇരുപത്തിയേഴാം പിറന്നാളിനോടനുബന്ധിച്ച് ഇന്ന് ഓരോ സി.ഡി.എസിലും തനത് പരിപാടികൾ അരങ്ങേറും. ഒപ്പം ജനപ്രതിനിധികളെ ഉൾപ്പെടുത്തി കൊണ്ടുള്ള സംഗമവും ,ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തും. സംസ്ഥാനതലത്തിൽ വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം, വഴുതക്കാട് ,ടാഗോർ ഓഡിറ്റോറിയത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാനതല അവാർഡുകൾ കുടുംബശ്രീ പ്രവർത്തകർക്ക് സമ്മാനിക്കും. അവാർഡ് ദാന ചടങ്ങ് ലൈവ് ആയി ഓരോ സി.ഡി.എസുകളിലും പ്രോജക്ടറുകൾ വെച്ച് പ്രദർശിപ്പിക്കും. മലപ്പുറം ജില്ലയ്ക്ക് മികച്ച പ്രവർത്തനങ്ങൾക്കുള്ള ആറ് അവാർഡുകളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |