ടി.ശരണ്യ
കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിന്റെ ഹോം സിറ്റിയായ കൊണ്ടോട്ടി നഗരത്തോട് ചേർന്ന് ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഇനിയും എത്ര നാൾ കാത്തിരിക്കണം. ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ മാത്രം ചർച്ചയാവുന്ന ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ആരും വേണ്ടത്ര പരിഗണന നൽകാറില്ല. ജില്ലയിലെ പ്രധാനപ്പെട്ട വ്യാപാര നഗരമായ കൊണ്ടോട്ടിയിൽ കോഴിക്കോട്,പാലക്കാട് ദേശീയപാതയിലെ ബൈപാസ് റോഡ് കേന്ദ്രീകരിച്ചാണ് പ്രധാന വ്യാപാര സ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കുന്നത്. ഇവിടെ പെട്ടെന്നുണ്ടാവുന്ന അഗ്നിബാധകളെ പ്രതിരോധിക്കാൻ 20 കിലോമീറ്റർ ദൂരത്തുള്ള മലപ്പുറം, മഞ്ചേരി യൂണിറ്റുകളേയോ 21 കിലോമീറ്റർ അകലയുള്ള മീഞ്ചന്ത യൂണിറ്റിനേയുമാണ് ആശ്രയിക്കാറുള്ളത്. വലിയ ദുരന്തങ്ങളുണ്ടായാൽ ഈ ദൂരപരിധി അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കും. വലിയ ദുരന്തങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിലെ 'പാന്ഥർ ' വാഹനത്തെ ആശ്രയിക്കുന്നുണ്ടെങ്കിലും. വിമാനത്താവള അധികൃതരുടെ അനുമതി ലഭിക്കാതെ ഈ വാഹനം പുറത്തുള്ള അഗ്നിരക്ഷ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകില്ല. ഇക്കാരണത്താൽ വലിയ ദുരന്തങ്ങളുണ്ടായാൽ മുക്കം, കോഴിക്കോട് ബീച്ച് യൂണിറ്റ് എന്നിവയെ എല്ലാം ആശ്രയിക്കേണ്ട ഗതികേടിലാണ്. വലിയ ദൂരപരിധിയുള്ളതിനാൽ യൂണിറ്റുകൾ എത്തുമ്പോഴേക്കും അപകടത്തിന്റെ വ്യാപ്തി വർധിക്കും.
കോഴിക്കോട് തീ പിടുത്തം ഒരു മുന്നറിയിപ്പ്
കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ അഗ്നിബാധ ഒരു മുന്നറിയിപ്പാണ്. നഗരത്തിന്റെ ഹൃദയഭാഗത്ത് വലിയ തീപിടുത്തമുണ്ടായപ്പോൾ സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരത്തിൽ അഗ്നി രക്ഷാനിലയമില്ലാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇത്തരത്തിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം നില നിൽക്കുന്ന കൊണ്ടോട്ടിയിൽ ഒരു ഫയർ സ്റ്റേഷൻ യൂണിറ്റ് അത്യാവശ്യ ഘടകമാണ്. വിമാനത്താവളത്തിൽ ഏതെങ്കിലും വിധത്തിൽ അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ തൊട്ടടുത്ത് ഫയർ സ്റ്റേഷൻ യൂണിറ്റുണ്ടായാൽ വളരെ പെട്ടെന്ന് ഉപയോഗിക്കാൻ കഴിയും.ഇത്തരം കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കൊണ്ടോട്ടിയുടെ കാലങ്ങളായുള്ള ആവശ്യത്തിന് അടിയന്തിര പ്രാധാന്യം നൽകണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
തടസ്സങ്ങൾ
സ്ഥലം ലഭ്യമല്ല എന്നതാണ് ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള പ്രധാന വെല്ലുവിളിയായി അധികൃതർ പറയുന്നത്. തുടർച്ചയായി ജനപ്രതിനിധികൾ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും സ്ഥല പരിമിതി വില്ലനാവുന്നു.
ടി.വി.ഇബ്രാഹിം (കൊണ്ടോട്ടി എം.എൽ.എ )
കൊണ്ടോട്ടി മണ്ഡലത്തിൽ ഒരു ഫയർ 'സ്റ്റേഷൻ അത്യാവശ്യമാണ്. മഞ്ചേരിക്കും കോഴിക്കോടിനും ഇടയിൽ മറ്റൊരു ഫയർ സ്റ്റേഷനില്ലാത്തതുകൊണ്ട് കൊണ്ടോട്ടിയെ പോലെ വളർന്നുവരുന്ന നഗരത്തിൽ എന്ത് കൊണ്ടും ഫയർ സ്റ്റേഷൻ അനിവാര്യമാണ്. ഗവൺമെന്റ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഇതിനു വേണ്ട ശ്രമം നടത്തിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി, കിൻഫ്ര , ഹജ്ജ് ഹൗസ് , എയർപ്പോർട്ട് തുടങ്ങിയവയുടെ പ്രാധാന്യം കണക്കിലെടുത്താലും കൊണ്ടോട്ടിയിൽ ഒരു ഫയർ സ്റ്റേഷൻ അത്യാവശ്യമാണ്. സർക്കാറിൽ നിരന്തര പരിശ്രമം നടത്തിയതിന്റെ ഫലമായി ആവശ്യമായ കെട്ടിടം ഏർപ്പെടുത്തിയാൽ ഫയർ സ്റ്റേഷൻ അനുവദിക്കാമെന്ന് ഉറപ്പ് ലഭിച്ചതനുസരിച്ച് ഫയര്‍സ്റ്റേഷൻ അനുവദിക്കുകയാണെങ്കിൽ സ്ഥിരം കെട്ടിടം ഉണ്ടാകുന്നത് വരെ ആവശ്യമായ സജ്ജീകരണം ഏർപ്പെടുത്താൻ തയ്യാറാണ് എന്ന് അറിയിച്ചിരുന്നു എങ്കിലും ഇത് വരെ യഥാർത്ഥ്യമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |