മലപ്പുറം: കൂരിയാടിൽ നിർമ്മാണം പൂർത്തിയാക്കിയ ആറുവരി ദേശീയ പാത തകർന്ന സംഭവത്തിൽ നിർമ്മാണ കമ്പനിയെ ഡിബാർ ചെയ്ത കേന്ദ്ര നടപടിയിൽ ആശ്വാസത്തിലാണ് നാട്ടുകാർ. അതേസമയം പദ്ധതി പൂർത്തീകരണം വൈകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ആർ.ഇ സിമെന്റ് ബ്ലോക്കുകൾ ഉപയോഗിച്ച് നിർമ്മിച്ച റോഡ് പൊളിച്ചു നീക്കി പകരം എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്. മേൽപ്പാലമല്ലാതെ മറ്റൊന്നും സ്വീകാര്യമല്ല എന്ന നിലപാടിലാണ് നാട്ടുകാർ. വളാഞ്ചേരിയിൽ നിർമ്മിച്ച വയഡക്ട് പാലം കൂരിടാട്ടെ ഭൂഘടനയ്ക്ക് ഏറെ അനുയോജ്യമാണെന്ന് ജനപ്രതിനിധികളും ചൂണ്ടിക്കാട്ടുന്നുണ്ട്. കൂരിയാടിൽ റോഡ് തകരാനുണ്ടായ കാരണം സംബന്ധിച്ച വിശദപഠനത്തിലാണ് ദേശീയപാത അതോറിറ്റി നിയോഗിച്ച വിദഗ്ദ്ധ സംഘം. മഴയിൽ റോഡിനടിയിലെ വയൽമണ്ണ് തെന്നിമാറിയതിനാണ് അപകടത്തിന് വഴിവച്ചതെന്നാണ് പ്രാഥമിക നിഗനമമെങ്കിലും ഡിസൈംനിംഗിലേയും നിർമ്മാണത്തിലേയും അപാകതകൾ ഉൾപ്പെടെ തകർച്ചയ്ക്ക് മറ്റ് കാരണങ്ങൾ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിനുശേഷമേ കൂരിയാട് തകർന്ന റോഡ് എങ്ങനെ മാറ്റി നിർമ്മിക്കാം എന്നതിൽ തീരുമാനം എടുക്കാനാവൂ. ഡിസൈംനിഗ് ഉൾപ്പെടെ രൂപപ്പെടുത്തേണ്ടതുണ്ട് എന്നതിനാൽ സമയമെടുത്തേക്കും. സംസ്ഥാനത്ത് ഈ വർഷം ഡിസംബറിൽ പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാരും. ആദ്യഘട്ടമെന്ന നിലയിൽ മലപ്പുറത്തെ രണ്ട് റീച്ചുകളുടെ പൂർത്തീകരണം ഈ മാസം 30ന് ആണ് ലക്ഷ്യമിട്ടിരുന്നത്. കൂരിയാട്ടെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇതിന് സാധിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ജില്ലയിൽ പാത കടന്നുപോവുന്ന മറ്റിടങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. കുറ്റമറ്റതും അപകടരഹിതമായ പാത നിർമ്മിക്കുക എന്ന ലക്ഷ്യം ഉറപ്പാക്കേണ്ടതുണ്ട്.
നിർമ്മാണ കമ്പനിയായ കെ.എൻ.ആർ കൺട്രക്ഷനെ ഡീബാർ ചെയ്തതിട്ടുണ്ടെങ്കിലും നിലവിലെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് തടസ്സം നേരിടില്ലെന്നാണ് വിവരം. മലപ്പുറം ജില്ല വഴി കടന്നുപോവുന്ന രണ്ട് റീച്ചുകളുടെ നിർമ്മാണ ചുമതലയും കെ.എൻ.ആർ കൺസ്ട്രക്ഷനാണ്. അപകടം നടന്ന രാമനാട്ടുകര -വളാഞ്ചേരി റീച്ചിൽ റോഡിന്റെ നിർമ്മാണ പ്രവൃത്തി 97 ശതമാനവും പൂർത്തിയായെന്നാണ് ദേശീയപാത അതോറിറ്റിയുടെ കണക്ക്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കിയ റീച്ചുകളിൽ രണ്ടും മലപ്പുറത്താണ്. വളാഞ്ചേരി - കാപ്പിരിക്കാട് റീച്ചിൽ 95 ശതമാനത്തിന് മുകളിൽ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.
ക്വാട്ട്..........
റോഡിനടിയിലെ വയൽമണ്ണ് തെന്നിമാറിയതാണ് അപകടത്തിന് വഴിവച്ചത്
നിർമ്മാണകമ്പനി
വയലുകളിൽ നിർമ്മാണം നടത്തുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുത്തിട്ടില്ല. തിടക്കപ്പെട്ട നിർമ്മാണവും വിനയായി
നാട്ടുകാർ
കണക്ക്.........
രാമനാട്ടുകര -വളാഞ്ചേരി റീച്ച്
97 ശതമാനം പൂർത്തിയായി
വളാഞ്ചേരി - കാപ്പിരിക്കാട് റീച്ച്
95 ശതമാനം പൂർത്തിയായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |