മലപ്പുറം: ദേശീയപാത തകർന്ന കൂരിയാടിൽ കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡ് തുറന്നതിന് പിന്നാലെ തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ പണിയും തുടങ്ങി. ഇത് പൂർത്തിയാവുന്നതോടെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് താത്ക്കാലിക പരിഹാരമാവും. കോഴിക്കോട് ഭാഗത്തേക്കുള്ള റോഡിൽ ഇരുവശത്തേക്കുമുള്ള ഗതാഗതം അനുവദിക്കുന്നുണ്ടെങ്കിലും വാഹനങ്ങൾ ഏറെയുള്ള രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂപപ്പെടുന്നുണ്ട്. നേരത്തെ തിരൂരങ്ങാടി മമ്പുറം വഴി വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നെങ്കിൽ ഇപ്പോൾ ദേശീയപാതയിലൂടെ തന്നെയാണ് ഭൂരിഭാഗം വാഹനങ്ങളും സഞ്ചരിക്കുന്നത്. മമ്പുറം നേർച്ചയോടനുബന്ധിച്ച് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടേക്കുമെന്ന ആശങ്കകൾക്കിടയിൽ അഞ്ച് ദിവസം മുമ്പാണ് കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡ് തുറന്നുകൊടുത്തത്. തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ ഭാഗത്ത് കൂടുതൽ മണ്ണ്മാന്തി യന്ത്രങ്ങളും ടോറസും ഉപയോഗിച്ച് മണ്ണെടുക്കുന്നത് പുരോഗമിക്കുന്നുണ്ട്. രണ്ടുദിവസമായി മഴ മാറിനിൽക്കുന്നതിനാൽ പണികളുടെ വേഗതയും കൂടിയിട്ടുണ്ട്. ഈ ഭാഗത്താണ് ദേശീയപാത തകർന്നുവീണത്. മണ്ണ് പൂർണ്ണമായും മാറ്റിയശേഷം നിലവിലുള്ള റോഡ് ഉയർത്തും. ആവശ്യമായ സ്ഥലങ്ങളിൽ വെള്ളം ഒഴുകിപ്പോവാനുള്ള കലുങ്കുകൾ നിർമ്മിക്കും. ഇതിനുശേഷമാവും സർവീസ് റോഡ് തുറന്നുകൊടുക്കുക. ദേശീയപാത തകർന്നയിടത്ത് വയഡക്ട് പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി മണ്ണ് പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.
മേയ് 19നാണ് കൂരിയാടിൽ ആറ് വരിപ്പാതയും തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡും തകർന്നത്. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും വിലക്കി മറ്റ് വഴികളിലൂടെ തിരിച്ചുവിട്ടു. ഇതോടെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽപ്പെട്ട് യാത്രക്കാർ വലഞ്ഞു. ഒരുമാസത്തിന് ശേഷം സർവീസ് റോഡുകളിലൊന്ന് ഗതാഗതത്തിന് തുറന്നുകൊടുത്തത് യാത്രക്കാർക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
പ്രവൃത്തികൾക്ക് വേഗം കൂടി
കൂരിയാടിൽ നാല് മാസത്തിനകം വയഡക്ട് നിർമ്മാണം പൂർത്തിയാക്കാനാണ് കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റി നൽകിയ നിർദ്ദേശം. കൂരിയാട് അണ്ടർപാസിനെ വയലിന്റെ മദ്ധ്യത്തെ അണ്ടർപാസുമായി ബന്ധിപ്പിച്ച് 400 മീറ്ററിലാണ് പാലം നിർമ്മിക്കേണ്ടത്. ഇതിനായി ദേശീയപാത തകർന്ന ഭാഗത്തെ അവശിഷ്ടങ്ങൾ പൂർണ്ണമായും മാറ്റേണ്ടതുണ്ട്. ഇതിന് മൂന്ന് മാസം വേണ്ടിവരുമെന്നാണ് നേരത്തെ കണക്കാക്കിയിരുന്നത്. എന്നാൽ മണ്ണ്മാറ്റുന്ന പ്രവൃത്തി പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. പാർശ്വഭിത്തിക്കായി ഉപയോഗിച്ചിരുന്ന കട്ടകളും മണ്ണും ഉൾപ്പെടെ നല്ലൊരുഭാഗം ഇതിനകം തന്നെ നീക്കം ചെയ്തിട്ടുണ്ട്. ഇത് പൂർത്തിയായ ശേഷം വയഡക്ട് നിർമ്മാണത്തിലേക്ക് കടക്കും. 2026 മാർച്ചിന് മുമ്പ് ദേശീയപാത പൂർണ്ണമായും ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |