കാളികാവ്: കാളികാവ് മേഖല തെരുവ് നായ്ക്കളുടെ പിടിയിലായ അവസ്ഥയാണ്. തെരുവുനായ ഭിതിയിലാണ് ജനങ്ങൾ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വലിയ തോതിലാണ് നായ്ക്കളുടെ എണ്ണം കൂടിയത്.
നേരത്തെ രാത്രിയാകുന്നതോടെയായിരുന്നു ശല്യമുണ്ടായിരുന്നത്. ഇപ്പോൾ പകൽ സമയങ്ങളിലും ടൗണിൽ പട്ടികളുടെ കൂട്ടങ്ങളാണ്. ആളുകൾക്കിടയിലൂടെയും കടത്തിണ്ണകളിലും ഓടിനടക്കുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നുണ്ട്. അങ്ങാടിയിൽ തന്നെ പലരും വടിയും കൈയിൽ പിടിച്ചാണ് നടക്കുന്നത്. കാളികാവ് പഴയ പാലത്തിനു സമീപവും രണ്ടു ബസ് സ്റ്റാൻഡുകളിലുമായി എപ്പോഴും വലിയ കൂട്ടങ്ങളാണ് കാണപ്പെടുന്നത്.
15 വർഷത്തിനിപ്പുറം തെരുവ് നായ് ശല്യത്തിനെതിരെയുള്ള യാതൊരു പ്രതിരോധ പ്രവർത്തനവും കാളികാവ് പഞ്ചായത്തിൽ നടന്നിട്ടില്ല.
ഒട്ടേറെ സംഘടനകളും ജന പ്രതിനിധികളും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
സംസ്ഥാനത്ത് പല ഭാഗത്തും പേപ്പട്ടി കടിച്ചതായ റിപ്പോർട്ട് വന്നതോടെ കാളികാവിലെ ജനങ്ങൾ കടുത്ത ഭീതിയിലാണ്.
കാളികാവ് കള്ള് ഷാപ്പ് പരിസരത്ത് റോഡിൽ രാവും പകലും വ്യത്യാസമില്ലാതെ നിരവധി തെരുവ് നായകളാണ് വാഹന യാത്രക്കാർക്ക് അടക്കം ഭീഷണിയായി തമ്പടിച്ചിരിക്കുന്നത്.
കാളികാവ് ജംഗ്ഷൻ ബസ് സ്റ്റാൻഡിലാണ് കൂടുതലായും നായ്ക്കൾ തമ്പടിച്ചിട്ടുള്ളത്.രോഗം വന്ന് ചത്തതായി
പലയിടങ്ങളിലായി കാണാറുണ്ട്.
അറവു മാലിന്യങ്ങളും മറ്റു ഭക്ഷണ സാധനങ്ങളും അലക്ഷ്യമായി നിക്ഷേപിക്കുന്നതാണ് പല സ്ഥലങ്ങളും തെരുവ് നായകളുടെ കേന്ദ്രമായി മാറാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |