മലപ്പുറം: ജില്ലയിൽ ഈ വർഷം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത് ഒമ്പതുപേർ. 1,402 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഴ ശക്തമായതിന് പിന്നാലെ മഞ്ഞപ്പിത്തം ഉൾപ്പെടെ ജലജന്യരോഗങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ജൂണിൽ 230 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ചീക്കോട് ഓമാനൂരിൽ 61 വയസുകാരൻ മരണപ്പെട്ടിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്. മലിനമായ ജലസ്രോതസുകളിലൂടെയൂം, മലിനമായ ജലം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുക. മഞ്ഞപ്പിത്തം ബാധിച്ചവരിൽ ശ്രദ്ധിച്ചില്ലെങ്കിൽ അപൂർവമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കാം എന്നതിനാൽ രണ്ടാഴ്ച വളരെ നിർണായകമാണ്. പനി, ക്ഷീണം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കണം.
വീട്ടിൽ ഒരാൾക്ക് രോഗ ലക്ഷണം കണ്ടാൽ ഇടപഴകുന്ന മറ്റുള്ളവരിലേക്ക് രോഗപകർച്ചയ്ക്ക് സാദ്ധ്യത കൂടുതലായതിനാൽ നല്ല ശ്രദ്ധ പുലർത്തണം. രോഗലക്ഷണം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് മുതൽ മൂന്ന് ആഴ്ച വരെയാണ് ഏറ്റവും കൂടുതൽ വ്യാപന സാദ്ധ്യതയുള്ളത്. അതുകൊണ്ട് രോഗബാധിതർ ആഹാരം പാകം ചെയ്യരുത്. ഇവർ ഉപയോഗിക്കുന്ന സാധനങ്ങൾ മറ്റുളളവർക്ക് പങ്കുവെക്കുകയും ചെയ്യരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |