പൊന്നാനി: ട്രോളിംഗ് നിരോധനം കഴിഞ്ഞു മത്സ്യബന്ധനത്തിന് ഇറങ്ങിയ പല ബോട്ടുകാർക്കും മത്സ്യം ലഭിക്കാതെ നിരാശയിൽ. കഴിഞ്ഞ രണ്ട് മാസത്തിനു ശേഷം ജൂലൈ 31നാണ് ട്രോളിംഗ് നിരോധനം അവസാനിച്ചു മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങിയത് എന്നാൽ പ്രതീക്ഷിച്ച രീതിയിൽ മത്സ്യം ലഭിക്കാതെ കടുത്ത ബുദ്ധിമുട്ടിലാണ് നിലവിൽ തീരദേശം. ട്രോളിംഗ് നിരോധനം മാറിയിട്ടും പല ബോട്ടുകൾക്കും മത്സ്യം ലഭിക്കുന്നില്ല. ആകെ കിളിമീൻ മാത്രമാണ് നിലവിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾക്ക് ലഭിക്കുന്നത്. മത്തി. അയല. മാന്തൾ തുടങ്ങിയ വിപണിയിൽ വലിയ ഡിമാൻഡ് ഉള്ള പല മത്സ്യങ്ങൾക്കും വലിയ ക്ഷാമം നേരിടുന്നതായി മത്സ്യതൊഴിലാളിയായ സക്കീർ പറഞ്ഞു. കൂടാതെ പലരും ഭാരിച്ച ഡീസൽ ചിലവ് വഹിക്കാൻ കഴിയാതെ കടലിൽ ഇറങ്ങാൻ താല്പര്യം കാണിക്കാതെ ബോട്ടുകൾ ഹാർബറിൽ കെട്ടികിടക്കുന്ന കാഴ്ചയും സ്ഥിരമാണ്. കടുത്ത പ്രതിസന്ധി നേരിടുന്ന മത്സ്യതൊഴിലാളി മേഖലക്ക് മത്സ്യലഭ്യത കുറഞ്ഞതോടെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന നിലയിലാണ് മുന്നോട്ട് പോകുന്നത്.ഒട്ടേറെ കഷ്ടപ്പാടുകൾക്ക് നടുവിലായിരുന്നു ഇത്തവണത്തെ മത്സ്യത്തൊഴിലാളികളുടെ ട്രോളിംഗ് കാലം. ബോട്ടുകളുടെ അറ്റക്കുറ്റപ്പണി നടത്തുന്ന വർക്ക്‌ഷോപ്പ് പൊന്നാനിയിൽ ഇല്ലാത്തത് മൂലം ബേപ്പൂരും മുനമ്പത്തും കൊണ്ടുപോയി കൂടുതൽ കൂലി നൽകി ബോട്ടുകൾ അറ്റകുറ്റപണി നടത്തിയ വകയിലും വലിയ ചിലവുണ്ട്.
മത്സ്യവിലയിൽ കുറവ്
ട്രോളിംഗ് നിരോധനം നീങ്ങിയതോടെ മത്സ്യ വിലയിൽ കുറവ് വന്നിട്ടുണ്ട്. പൊന്നാനി ഭാഗത്തെ ബോട്ടുകൾ 31ന് ട്രോളിംഗ് നിരോധനം കഴിഞ്ഞെങ്കിലും വലിയ ബോട്ടുകൾ മത്സ്യബന്ധനത്തിന് പോയി തുടങ്ങിയത് വെള്ളിയാഴ്ചയോടെയാണ്.എന്നാൽ ചെറുബോട്ടുകൾ നിലവിൽ മത്സ്യബന്ധനത്തിന് പോയി വന്നിട്ടുണ്ട്. അതിനാൽ തന്നെ വലിയ വിലയുണ്ടായിരുന്ന പല മത്സ്യങ്ങളും നിലവിൽ വിലകുറഞ്ഞിട്ടുണ്ട്. ഒരു മാസം മുൻപ് മുന്നൂറ് രൂപ വരെ ഉണ്ടായിരുന്ന മത്തിക്ക് നിലവിൽ 150രൂപ വരെ ആയിട്ടുണ്ട്. ട്രോളിംഗ് കഴിഞ്ഞതോടെ കൂടുതലും പുതിയാപ്ല കോരയും. ചെമ്പൻകോരയും. പോലെയുള്ള മത്സ്യങ്ങളാണ് കൂടുതലും ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രിയ മത്സ്യങ്ങളായ അയല. അയക്കൂറ. കോര. ചെമ്മീൻ എന്നിവയ്ക്കും വില കുറഞ്ഞിട്ടുണ്ട്. എന്നാൽ മാന്തൾ നിലവിൽ കിട്ടി തുടങ്ങിയിട്ടില്ല. ചെമ്പാൻ നല്ല രീതിയിൽ കിട്ടുന്നുണ്ടെങ്കിലും ഇത് കൂടുതൽ വളം നിർമ്മാണത്തിനാണ് കൊണ്ട് പോകുന്നത്. ഇത്കിലോക്ക് ഇരുപത് രൂപ മുതൽ കിട്ടുന്നുണ്ട്. അയല കിലോക്ക് 150 രൂപ വരെയേ ഉള്ളൂ ചെറിയ ചെമ്മീൻ നിലവിൽ കിലോക്ക് 60 രൂപയും വലിയ ചെമ്മീൻ നിലവിൽ കിലോക്ക് 200രൂപയുമാണ് വില. അയക്കൂറക്ക് നിലവിൽ ഇപ്പോഴും കിലോക്ക് 600, 700 വരെ വിലവരുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ബോട്ടുകൾ മത്സ്യബന്ധനത്തിന് പോകുകയും കൂടുതൽ മത്സ്യം ലഭിക്കുകയും ചെയ്യുന്നതോടെ മത്സ്യവില ഇനിയും കുറയുമെന്ന് സക്കീർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |