കൊണ്ടോട്ടി : അടിക്കടി ഉണ്ടാവുന്ന ദുരന്തങ്ങൾ കൊണ്ടോട്ടിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു. കഴിഞ്ഞദിവസം കൊണ്ടോട്ടി നഗരത്തിനടുത്തു ദേശീയപാതയിൽ സ്വകാര്യബസ് കത്തി നശിച്ചപ്പോൾ മലപ്പുറത്തെയും മഞ്ചേരിയിലെയും മീഞ്ചന്തയിലെയും ഫയർ യൂണിറ്റുകളാണ് തീയണയ്ക്കാൻ എത്തിയത്. അപ്പോഴേക്കും ബസ് പൂർണ്ണമായും കത്തി നശിച്ചിരുന്നു. കൊണ്ടോട്ടിയിൽ ഒരു ഫയർ സ്റ്റേഷൻ യൂണിറ്റ് നിലവിൽ ഉണ്ടായിരുന്നെങ്കിൽ ഉടനെ തീയണയ്ക്കാൻ സാധിക്കുമായിരുന്നു. ബസിന് തീപിടിച്ചപ്പോൾ യാത്രക്കാരെ പെട്ടെന്ന് പുറത്തിറക്കാനായതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
മലപ്പുറം, മഞ്ചേരി യൂണിറ്റുകളിൽ നിന്ന് കൊണ്ടോട്ടിയിലേക്ക് 20 കിലോമീറ്ററും മീഞ്ചന്തയിൽ നിന്നും 21 കിലോമീറ്ററുമാണ് ദൂരം. ഈ മൂന്ന് ഫയർ സ്റ്റേഷനുകളിൽ നിന്നും യൂണിറ്റുകൾ എത്താൻ അരമണിക്കൂറിനടുത്ത് സമയമെടുക്കും. അപ്പോഴേക്കും അപകടത്തിന്റെ വ്യാപ്തി വർദ്ധിച്ചിട്ടുണ്ടാവും. കൊണ്ടോട്ടി നഗരത്തോട് ചേർന്ന് ഫയർ സ്റ്റേഷൻ യൂണിറ്റ് സ്ഥാപിക്കുന്നതിന് നിരന്തരം ആവശ്യം ഉയരുമ്പോഴും സ്ഥലം ലഭ്യമല്ലെന്നതാണ് പ്രധാന വെല്ലുവിളിയായി അധികൃതർ പറയുന്നത്.
മുൻപും നിരവധി തീപിടുത്തങ്ങൾ
ജില്ലയിലെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്ന് കിടക്കുന്ന പ്രധാന വ്യാപാര നഗരമായ കൊണ്ടോട്ടിയിൽ നിരവധി തവണ ചെറുതും വലുതുമായ അഗ്നിബാധകൾ ഉണ്ടായിട്ടുണ്ട്. 2022ൽ നാലു നിലയിലുള്ള വസ്ത്ര വ്യാപാരസമുച്ചയത്തിന് തീ പടർന്നത് ആശങ്കപ്പെടുത്തിയിരുന്നു. 2024 മേയ് മാസത്തിലും ബസ് സ്റ്റാൻഡ് സമുച്ചയത്തിലെ ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരത്തിന് തീ പടർന്ന് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതോടൊപ്പം വേനൽകാലങ്ങളിൽ നിരവധി ചെറുതും വലുതുമായ തീപിടുത്തങ്ങൾ സാധാരണമാണ്.
കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ സ്ഥിതിചെയ്യുന്ന നഗരത്തിൽ ബൈപാസ് റോഡ് കേന്ദ്രീകരിച്ചാണ് പ്രധാന വ്യാപാര സ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കുന്നത്. തീപിടിത്തങ്ങൾ ഉണ്ടായാൽ ഫയർ യൂണിറ്റുകൾക്ക് കടന്നുചെല്ലാനുള്ള നിയമാനുസൃത അകലം പോലും പല കെട്ടിടങ്ങൾക്കിടയിലും ഇല്ല.
'പാന്ഥർ ' ലഭിക്കാൻ കടമ്പകൾ ഏറെ
തൊട്ടടുത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തങ്ങളിൽ ഉപയോഗിക്കുന്ന 'പാന്ഥർ ' വാഹനങ്ങൾ പോലുള്ള സംവിധാനങ്ങളും ഉണ്ടെങ്കിലും ഇവ പുറത്തുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി ലഭിക്കുന്നതിന് കടമ്പകൾ ഏറെയാണ്.
വലിയ ദുരന്തങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിലെ 'പാന്ഥർ ' വാഹനത്തെ ആശ്രയിക്കുന്നുണ്ടെങ്കിലും വിമാനത്താവള അധികൃതരുടെ അനുമതി ലഭ്യമാക്കണം. അനുമതി ലഭിച്ച് വാഹനം എത്തുമ്പോഴേക്കും എല്ലാം കത്തിയമർത്തിയിട്ടുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |