മലപ്പുറം: ഓണവിപണിയിൽ ആശ്വാസമായി സപ്ലൈകോയുടെ ഓണംമേളയ്ക്കും സഞ്ചരിക്കുന്ന ഓണച്ചന്തകൾക്കും ജില്ലയിൽ തുടക്കമായി. മലപ്പുറം പെരിന്തൽമണ്ണ റോഡിൽ ഡാലിയ കേപീസ് അവന്യൂവിലാണ് വിലക്കുറവിന്റെ ചന്ത നടക്കുന്നത്. മേളയുടെ ഉദ്ഘാടനവും സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഫ്ളാഗ് ഓഫും പി. ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു.
13 ഇനം സബ്‌സിഡി സാധനങ്ങൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങളും വിലക്കുറവിലും ഓഫറിലും ചന്തയിൽ ലഭിക്കും. 18 ഇനങ്ങൾ അടങ്ങിയ 1225 രൂപയുടെ സമൃദ്ധി ഓണക്കിറ്റ് 1000 രൂപയ്ക്കും 10 ഇനങ്ങൾ അടങ്ങിയ 625 രൂപയുടെ മിനിസമൃദ്ധി ഓണക്കിറ്റ് 500 രൂപയ്ക്കും ഒമ്പത് ഇനങ്ങൾ അടങ്ങിയ 305 രൂപയുടെ ശബരി സിഗ്‌നേച്വർ കിറ്റ് 229 രൂപയ്ക്കും മേളയിൽ ലഭിക്കും. 500, 1000 രൂപയുടെ ഗിഫ്റ്റ് കാർഡുകളും മേളയിലുണ്ട്. സപ്ലൈകോയുടെ വിൽപനശാലകളിൽ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31 വരെ വാങ്ങാം.
അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, ശബരി ബ്രാൻഡിലെ ഗോൾഡ് തേയില, കടുക്, ഉലുവ, ജീരകം, മഞ്ഞൾപൊടി, മല്ലിപ്പൊടി, പുട്ടുപൊടി, പായസം മിക്സ്, മിൽമ നെയ്യ്, സാമ്പാർ പൊടി, ആട്ട, ശർക്കര പൊടി, മാങ്ങ അച്ചാർ, കടല എന്നിവയാണ് സമൃദ്ധി 18 ഇന കിറ്റിലെ ഉത്പന്നങ്ങൾ. അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, ശബരി ബ്രാൻഡിലെ കടുക്, മഞ്ഞൾപ്പൊടി, പായസം മിക്സ്, മിൽമ നെയ്യ്, സാമ്പാർ പൊടി, ശർക്കര പൊടി എന്നിവയാണ് സമൃദ്ധി മിനി കിറ്റിലെ ഉത്പന്നങ്ങൾ. ശബരി ബ്രാൻഡിലെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, സാമ്പാർ പൊടി, രസം പൊടി, ഉലുവ, കടുക്, പാലട/ സേമിയ പായസം മിക്സ്, പുട്ടുപൊടി എന്നിവയാണ് ശബരി സിഗ്‌നേച്ചർ കിറ്റിലെ ഉത്പന്നങ്ങൾ. ഓണക്കാലത്ത് സപ്ലൈകോ വിൽപന ശാലകളിൽ 32 പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളോ 10 മുതൽ 50 ശതമാനം വരെ വിലക്കുറവോ ലഭിക്കും. സോപ്പ്, ഡിറ്റർജന്റുകൾ, ബ്രാൻഡഡ് ഭക്ഷ്യ ഭക്ഷ്യേതര ഉത്‌പന്നങ്ങൾ എന്നിവയ്ക്ക് മേളയിൽ കിഴിവുണ്ട്. സപ്ലൈകോയിൽ നിന്ന് ഓണക്കാലത്ത് ആയിരം രൂപയിലധികം സാധനങ്ങൾ വാങ്ങുന്നവർക്കായി നറുക്കെടുപ്പും നടത്തുന്നുണ്ട്. ഒരു പവൻ സ്വർണനാണയമടക്കം വിവിധ സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുക. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ വിജയികൾക്ക് ആകർഷകമായ മറ്റു സമ്മാനങ്ങളും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |