മലപ്പുറം: വാടകക്കെട്ടിടത്തിൽ നിന്ന് മോചനമില്ലാത്ത ജില്ലയിലെ 18 സബ് രജിസ്‌ട്രാർ ഓഫീസുകൾ. വിവാഹ രജിസ്‌ട്രേഷൻ, കുടിക്കടം പകർത്തൽ, ആധാരം പകർപ്പ് എടുക്കൽ, വിൽപ്പത്രം രജിസ്ട്രേഷൻ, ബാദ്ധ്യതാ സർട്ടിഫിക്കറ്റ്, പാട്ടക്കരാർ രജിസ്ട്രേഷൻ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി നിരവധി പേരാണ് സബ് രജിസ്‌ട്രാർ ഓഫീസുകളിൽ എത്തുന്നത്. ജില്ലയിൽ 28 സബ് രജിസ്‌ട്രേഷൻ ഓഫീസുകളാണ് ആകെയുള്ളത്. ഇതിൽ 10 എണ്ണം മാത്രമാണ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. 13 കെട്ടിടങ്ങൾ പൂർണമായും പ്രവർത്തിക്കുന്നത് സ്വകാര്യ വ്യക്തികളുടെ കെട്ടിടത്തിലാണ്. അഞ്ചെണ്ണം വിവിധ സർക്കാർ സ്ഥാപനങ്ങളുടെ കീഴിലുള്ള കെട്ടിടങ്ങളിലുമാണ്.
അരീക്കോട്, എടവണ്ണ, കരുവാരക്കുണ്ട്, മോങ്ങം, വാഴക്കാട്, മേലാറ്റൂർ ഓഫീസുകൾക്ക് സ്വന്തം ഭൂമി കണ്ടെത്താൻ ശ്രമങ്ങൾ തുടങ്ങിയിട്ട് വർഷങ്ങളേറെയായെങ്കിലും ഇതുവരെയും ഫലം കണ്ടില്ല. മൂർക്കനാട്, പരപ്പനങ്ങാടി സബ് രജിസ്ട്രാർ ഓഫീസുകൾക്ക് സ്ഥലം കണ്ടെത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്. തിരൂർ, വണ്ടൂർ, എടക്കര സബ് രജിസ്‌ട്രാർ ഓഫീസുകളുടെ കെട്ടിട നിർമ്മാണത്തിനുള്ള പ്ലാനും എസ്റ്റിമേറ്റും ലഭ്യമാക്കുന്നതിനും ഭരണാനുമതിക്കുമുള്ള നടപടികൾ നടന്നുവരികയാണ്. എടപ്പാൾ, വേങ്ങര ഓഫീസുകൾക്ക് സിവിൽ സ്റ്റേഷനിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
അനിവാര്യം മാറ്റം
സ്വത്ത് ഇടപാടുകൾ രജിസ്റ്റർ ചെയ്യുന്നതിലും ഔദ്യോഗിക രേഖകൾ സൂക്ഷിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്ന സബ് രജിസ്ട്രാർ ഓഫീസുകൾക്ക് ആവശ്യമായ സ്ഥല സൗകര്യം ലഭ്യമാവാൻ വാടകക്കെട്ടിടത്തിൽ നിന്ന് മാറേണ്ടത് അനിവാര്യമാണെന്ന് ജീവനക്കാർ പറയുന്നു. പല ഓഫീസുകളിലും ഫയലുകളും മറ്റും പരിമിതമായ സ്ഥലത്താണ് സൂക്ഷിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രജിസ്‌ട്രേഷൻ നടക്കുന്നതും മലപ്പുറം ജില്ലയിലാണ്.
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നവ - 18 എണ്ണം
സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നവ- 10 എണ്ണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |