
ഹരിപ്പാട്: "ഹെൽത്തി ഹരിപ്പാട്" സമഗ്ര ആരോഗ്യ പദ്ധതിയും, "ബി പോസിറ്റീവ് ഹരിപ്പാട്" രക്തദാന സേനയും രൂപീകരണവും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രത്യേക പദ്ധതികൾ. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി ഹരികുമാർ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.നാഥൻ അദ്ധ്യക്ഷനായി. 58 കോടി 55 ലക്ഷം രൂപ വരവും, 58 കോടി 42 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്രാണ് അവതരിപ്പിച്ചത്. കേന്ദ്രാവിഷ്കൃത പദ്ധതികളായ പി.എം.എ.വൈ, തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള വരവ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ ഉത്പാദന മേഖലയെ ഉത്തേജിപ്പിക്കുന്നതും വനിതാ സ്വയംതൊഴിലിനു പ്രാധാന്യം നൽകിയും പരമ്പരാഗത കയർ തൊഴിലാളികൾക്കും, ഭിന്നശേഷിക്കാർക്കും, ക്ഷീര കർഷകർക്കും, പട്ടികജാതി സങ്കേതങ്ങൾക്കും മുൻഗണനയുണ്ട്.
പൊതു ആരോഗ്യമേഖലയ്ക്കും ബഡ്ജറ്റിൽ പ്രാധാന്യമുണ്ട്. “ഹെൽത്തി ഹരിപ്പാട്” എന്ന പേരിൽ ഓപ്പൺ ജിം കായിക പരിശീലനവും, “ബി പോസിറ്റീവ് ഹരിപ്പാട്” എന്ന പേരിൽ രക്തദാന സേനയും, മത്സ്യത്തൊഴിലാളികൾക്ക് വല മാറ്റി സ്ഥാപിക്കുന്ന പദ്ധതിയും, “സുജലം” എന്ന പേരിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കും. ലൈഫ്, പി.എം.എ.വൈ ഭവന നിർമ്മാണ പദ്ധതിക്കും, തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനും പണം നീക്കിയിരുപ്പുണ്ട്. ശുചിത്വ മേഖലയിൽ സാനിറ്ററിപാട് നിർമ്മാർജ്ജന യൂണിറ്റ് രൂപീകരിക്കും. വിദ്യാഭ്യാസമേഖലയിൽ മത്സരപരീക്ഷ പരിശീലന പദ്ധതിയും
ഭിന്നശേഷിക്കാർക്ക് മുചക്ര വാഹന പദ്ധതിയും ഉൾപ്പെട്ടിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയ ഭേദമന്യേ ബഡ്ജറ്റിനെ സ്വാഗതം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |