ചങ്ങരംകുളം : പൊന്നാനി കോൾമേഖല വികസനത്തിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച തുക കോൾകർഷകർക്ക് പ്രതീക്ഷയേകുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന കെ.ഡി.എയുടെ പ്രത്യേക യോഗത്തിലാണ് അടുത്ത സാമ്പത്തിക വർഷത്തെ വികസന പദ്ധതികൾക്കായി എട്ടു കോടി രൂപ സർക്കാർ അനുവദിച്ചത്. ഇതോടെ പൊന്നാനികോളിലെ അറുപതോളം കോൾപടവുകളിലെ കർഷകർ പ്രതീക്ഷയിലാണ്.
തൃശൂർ ജില്ലയിലെ വെട്ടിക്കടവ് മുതൽ ബിയ്യം വരെ പരന്നു കിടക്കുന്ന പതിനായിരത്തോളം ഏക്കർ വരുന്നതാണ് കോൾ മേഖല. അടിസ്ഥാന വികസനത്തിൽ ഇപ്പോഴും പിറകിലാണ് പല കോൾപടവുകളും. അശാസ്ത്രീയ ഇടപെടലുകൾ മൂലം പല പടവുകളിലും കൃഷി അന്യം നിന്ന്‌പോകുന്ന അവസ്ഥയാണ്. തുടർച്ചയായി വരുന്ന കാലാവസ്ഥ വ്യതിയാനം കർഷകരെ പരമ്പരാഗത കൃഷിയിൽ നിന്നും മാറി ചിന്തിപ്പിക്കുന്നുണ്ട്.
പൊന്നാനി താലൂക്കിൽ നിലവിൽ കർഷകർ മുണ്ടകൻ കൊയ്ത്തിന് നിലമൊരുക്കി കൃഷിയിറക്കാനുള്ള തിരക്കിലാണ്. ഇതിനിടെയാണ് സർക്കാരിന്റെ പ്രഖ്യാപനം. പല കോൾ പടവുകളിലും പാടശേഖരങ്ങളിലും യഥാസമയം പമ്പ് സെറ്റുകൾ ലഭിക്കാത്തതും ബണ്ടുസുരക്ഷ ഇല്ലാത്തതുംമൂലം വലിയ തോതിൽ തരിശിടേണ്ടി വരുന്നുണ്ട്. നൂറേക്കർ വരുന്ന ആരോടി പാലക്കാതാഴം പാടശേഖരം, ചേലക്കടവ് ഒളമ്പക്കടവ് താഴത്തെ ഇരുന്നൂറേക്കർ കൃഷിയിടം എന്നിവിടങ്ങൾ വർഷങ്ങളായി തരിശിട്ടിരിക്കുകയാണ്. നിലവിൽ കൃഷിയുള്ള പല പടവുകളും തരിശിടലിന്റെ വക്കിലുമാണ്.
പുതിയ പ്രഖ്യാപനത്തിൽ കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ
പ്രതിസന്ധികളേറെ
കർഷകർക്ക് ആവശ്യത്തിന് വിത്തുകൾ നൽകുന്നതിലെ കാലതാമസം കൃഷിയെ ബാധിക്കുന്നുണ്ട്. നിലവിൽ തീരെ നിലവാരമില്ലാത്തതും വിളവു കുറഞ്ഞതുമായ വിത്താണ് കൃഷിഭവനുകൾ വഴി ലഭിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇപ്പോഴുപയോഗിക്കുന്ന ഉമവിത്ത് പെട്ടെന്ന് കീടബാധയേൽക്കുന്നതാണെന്നാണ് ആക്ഷേപം. നെല്ല് നൽകിയാൽ പണം സമയത്തിന് കിട്ടാത്തതും കർഷകരെ തളർത്തുന്നു. മുൻപ് നെല്ല് നൽകി ഒരുമാസം കഴിഞ്ഞ് പണം ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ ഒൻപത് മാസത്തിലേറെ കഴിഞ്ഞിട്ടും പണം മുഴുവനായി ലഭിച്ചിട്ടില്ല. ബാങ്ക് വായ്പയെടുത്തു കൃഷിയിറക്കിയ കർഷകർക്ക് ഇതുമൂലം സിബിൽ സ്‌കോർ ഇടിയുകയും വായ്പക്ക് അർഹത നഷ്ടമാവുകയും ചെയ്യുന്നു.
ബണ്ടുകളുടെ അറ്റകുറ്റ പണി കാര്യക്ഷമമല്ലാത്തതും ബണ്ടുകളുടെ ബലക്ഷയം, ഉയരക്കുറവ് എന്നിവയും മൂലം വെള്ളം കയറി പലപ്പോഴും കൃഷി നശിക്കുന്നത് കനത്ത നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്.
സർക്കാർ പ്രഖ്യാപിക്കുന്ന തുക കർഷകരുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ ചെലവഴിക്കണം. കൃഷിച്ചെലവ് കൂടുമ്പോൾ അതിനനുസരിച്ച് വിപണിയിൽ നെല്ലിന് വില ലഭിക്കുന്നില്ല
സുഹൈർ എറവറാംകുന്ന്, ആലങ്കോട് പൈതൃക കർഷക സംഘം സെക്രട്ടറി
തൃശൂർ കോൾ ഡെവലപ്‌മെന്റ് അതോറിറ്റി
വന്ന ശേഷം ഏറ്റവും കൂടുതൽ തുക കോൾ മേഖലക്ക് അനുവദിച്ചത് ഈ അഞ്ചു വർഷം കൊണ്ടാണ്. കോൾ വികസനത്തിൽ കൂടുതൽ ശ്രദ്ധ നൽകിയിട്ടുണ്ട്. അനുവദിക്കപ്പെട്ട തുക ഏത് മേഖലകളിലാണ് കൂടുതൽ ആവശ്യമെന്ന് പരിശോധിച്ച് മുൻഗണനാടിസ്ഥാനത്തിൽ ചെലവഴിക്കും
പി. നന്ദകുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |