പെരിന്തൽമണ്ണ: കാപ്പ പ്രകാരം പ്രതിയായതിനെ തുടർന്ന് ഒളിവിലായിരുന്ന പ്രതിയേയും സഹായിയേയും പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. കൊളത്തൂർ കുറുവ സ്വദേശി കളംതോടൻ അബ്ദുൾകരീം (43), വഴിക്കടവ് സ്വദേശി വാക്കയിൽ അക്ബർ (55) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലയിൽ രാത്രികളിൽ ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇത്തരം കേസുകളിലെ മുൻ പ്രതികളേയും ജാമ്യത്തിലിറങ്ങി മുങ്ങിയവരേയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്.
മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിലായി അമ്പതിലധികം മോഷണക്കേസുകളിലെ പ്രതികളാണ് അബ്ദുൾകരീമും അക്ബറും. പകൽ സമയങ്ങളിൽ കാറിലും ബസ്സിലും യാത്രചെയ്ത് കറങ്ങിനടന്ന് ആൾതാമസമില്ലാത്ത വീടുകൾ കണ്ടു വച്ചശേഷം രാത്രിയിൽ മോഷണം നടത്തി സ്വർണവും പണവും കവർച്ചചെയ്യുന്നതാണ് രീതി. കിട്ടുന്ന പണം ബംഗളൂരു, ആന്ധ്ര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ കറങ്ങിനടന്ന് ആഡംബരജീവിതം നയിച്ച് ചെലവാക്കും. അബ്ദുൾകരീമിനേയും കൂട്ടുപ്രതിയായിരുന്ന പുളിയമഠത്തിൽ അബ്ദുൾ ലത്തീഫിനേയും കാപ്പ നിയമപ്രകാരം കരുതൽതടങ്കലിലാക്കാൻ നേരത്തെ ഉത്തരവിറക്കിയിരുന്നു. അബ്ദുൾ ലത്തീഫിനെ നേരത്തേ അറസ്റ്റ് ചെയ്തെങ്കിലും അബ്ദുൾ കരീം സംസ്ഥാനത്തിനു പുറത്തേക്ക് കടന്നു. ബംഗളൂരു, ആന്ധ്ര സംസ്ഥാനങ്ങളിലും നേപ്പാളിലും ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. അതിനിടെ വീണ്ടും ജില്ലയിൽ മോഷണം നടത്താൻ പദ്ധതിയിട്ട സംഘം മഞ്ചേരി നറുകര ഭാഗത്ത് ഒത്തുകൂടി ഫ്ളാറ്റെടുത്ത് ഒരാഴ്ചയായി താമസിച്ചു വരികയായിരുന്നു. രാത്രിയിൽ കാറിൽ കറങ്ങിനടന്ന് ആൾതാമസമില്ലാത്ത വീടുകൾ നോക്കിവച്ച് മോഷണം നടത്താനായിരുന്നു പദ്ധതിയെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. അക്ബർ വഴിക്കടവ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണക്കേസിൽ അറസ്റ്റിലായി ഒന്നരമാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്.
അബ്ദുൾ കരീമിനെ കാപ്പനിയമപ്രകാരം കരുതൽ തടങ്കലിനായി വിയ്യൂർ അതിസുരക്ഷാജയിലിലേക്ക് അയക്കും. അബ്ദുൾ കരീമിനും അക്ബറിനുമെതിരെ മിക്ക കേസുകളിലും കോടതിയുടെ അറസ്റ്റ് വാറന്റുകൾ നിലവിലുണ്ട്.
കൊളത്തൂർ എസ്.ഐ ഷിജോ സി.തങ്കച്ചൻ, നിഥിൻ ആന്റണി, ഡാൻസാഫ് സ്‌ക്വാഡ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |