മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് പൂരം കൊടിയേറിയതോടെ ജില്ലയിലെ പ്രിന്റിംഗ് യൂണിറ്റുകൾക്കും ഉത്സവ കാലമാണ്. ഫ്ളക്സ് ബോർഡുകൾ, വാൾ പോസ്റ്ററുകൾ, സ്ഥാനാർത്ഥികളുടെ ചിത്രം പതിച്ച സ്റ്റിക്കറുകൾ, ആശംസാ കാർഡുകൾ എന്നിവയ്‌ക്കെല്ലാം ആവശ്യക്കാരേറെയാണ്. നഗരങ്ങളിൽ എ.ഐ സാങ്കേതിക വിദ്യ ഉൾപ്പെടെ ഉപയോഗപ്പെടുത്തിയുള്ള ഡിജിറ്റൽ പ്രിന്റിംങിനാണ് കൂടുതൽ ഡിമാന്റ്. ബലൂണുകളിൽ സ്ഥാനാർത്ഥികളുടെ ചിത്രം പ്രിന്റ് ചെയ്യുന്നതും ട്രന്റാണ്. മണിക്കൂറിൽ 1,600 സ്‌ക്വയർ ഫീറ്റ് വരുന്ന ബാനറുകൾ വരെ നിർമ്മിക്കാൻ സാധിക്കുന്ന ആധുനിക മെഷിനറികളുണ്ട്.
ലേസർ പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന പോസ്റ്ററുകൾക്കും ആവശ്യക്കാരുണ്ടെങ്കിലും കുറഞ്ഞ അളവിൽ മാത്രമേ ചെയ്യാൻ സാധിക്കൂ എന്നതും വില കൂടുതലുമായതിനാൽ ഓഫ് സെറ്റ് പ്രിന്റിംഗിനെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. ഒരു ചതുരശ്രയടി തുണിയിൽ പ്രിന്റ് ചെയ്യുന്നതിന് 20 മുതൽ 24 വരെയും ഫ്ളക്സിന് 16 മുതൽ 18 വരെയുമാണ് നിരക്ക്. കൂടുതൽ ഓർഡറുകൾ നൽകിയാൽ നിരക്കിൽ ഇളവുണ്ട്.
പഞ്ചായത്ത് അംഗം, പ്രസിഡന്റ് പദവികളിൽ നിന്നെല്ലാം പടിയിറങ്ങുന്നവർക്കായുള്ള മൊമന്റോകളും ആശംസാ കാർഡുകളും തേടി എത്തുന്നവരും ഏറെയാണ്.
പോളി എത്ലിൻ എത്തിയില്ല
പ്രകൃതിക്ക് ദോഷകരമായ മെറ്റീരിയലുകൾ ഉപയോഗിച്ച് ബാനറുകളും പോസ്റ്ററുകളും തയ്യാറാക്കരുതെന്ന നിയമം നിലനിൽക്കുന്നതിനാൽ തുണിയിലാണ് പ്രിന്റിംഗ്. പോളി എത്ലിനിൽ പ്രിന്റ് ചെയ്യാൻ ആവശ്യപ്പെട്ട് വരുന്നവരേറെയെങ്കിലും നിലവിൽ ലഭ്യമല്ലാത്ത സ്ഥിതിയാണ്. കൊറിയൻ കമ്പനിയാണ് പോളി എത്ലിൻ നിർമ്മിക്കുന്നത്. അതിനാൽ, പോളിസ്റ്ററിലാണ് പ്രിന്റിംഗ്. പോളിസ്റ്ററിനെക്കാൾ 30 ശതമാനം പോളി എത്ലിന് വിലക്കൂടുതലുമുണ്ട്. പ്രിന്റിംഗിന്റെ ഗുണമേന്മ അനുസരിച്ച് നിരക്കിനും വ്യത്യാസമുണ്ട്.
പ്രിന്റിംഗിന് കൂടുതൽ ആളുകളെത്തുന്നുണ്ട്. രാത്രി വൈകിയും ജോലി ചെയ്യാറുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ആവശ്യക്കാരെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പേപ്പറുകളും മഷിയും പ്ലേറ്റുമെല്ലാം നേരത്തെ ശേഖരിച്ചിരുന്നു.
യു.ഫൈസൽ , ഇംപീരിയൽ പ്രസ് മലപ്പുറം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |