താനൂർ : മുഖ്യ എതിരാളികളെ വീഴ്ത്താനുള്ള പരീക്ഷണങ്ങളുടെ വേദിയാണ് താനൂർ നഗരസഭയിലെ വിവിധ വാർഡുകൾ. കഴിഞ്ഞ തവണ 400ലേറെ വോട്ടിന് ബി.ജെ.പി സ്ഥാനാർത്ഥി ജയിച്ച ആറാം വാർഡിൽ യു.ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ രാജേഷിന് എൽ.ഡി.എഫ് , എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നിവരുടെ പിന്തുണയുണ്ട്. കുട ചിഹ്നത്തിൽ രാജേഷ് മത്സരിപ്പിക്കുന്നത്. യുവമോർച്ചയുടെ ജില്ല അദ്ധ്യക്ഷൻ കൂടിയായ അഭിലാഷാണ് ബി.ജെ.പി സ്ഥാനാർത്ഥി. ഈ രണ്ടുപേരും മാത്രമാണ് മത്സരരംഗത്തുള്ളത്. താനൂർ നഗരസഭയിൽ ബി.ജെ.പിയാണ് പ്രതിപക്ഷം.
16 -ാം വാർഡിൽ നാല് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നതെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥിയെ നിറുത്താതെ വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയിരിക്കുകയാണ്. സി.പി.എം സ്വതന്ത്രനെ മത്സരിപ്പിക്കുന്നുണ്ട്. നിലവിൽ ബി.ജെ.പി വിജയിച്ച വാർഡാണിത്.
വാർഡ് അഞ്ചിൽ ഒരു സ്വതന്ത്രനെ സി.പി.എമ്മും എസ്.ഡി.പി.ഐയും പിന്തുണയ്ക്കുന്നുണ്ട്. ഇതും നിലവിൽ ബി.ജെ.പിയുടെ വാർഡാണ്.
41-ാം വാർഡിൽ ബി.ജെ.പിയുടെ സുനിത ധനേഷിനെതിരെ യു.ഡി.എഫും എൽ.ഡി.എഫും വെൽഫെയറും എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നത്. കുട ചിഹ്നത്തിലാണ് ഇവർ മത്സരിക്കുന്നത്.
ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം യു ഡി.എഫ് ഉം എൽ.ഡി.എഫും മാറി മാറി പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. സി.പി.എമ്മിന് ഇതുവരെ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ ഒരു സ്ഥാനാർത്ഥിയെ പോലും വിജയിപ്പിക്കാനാവാത്ത നഗരസഭയാണ് താനൂർ. യു.ഡി.എഫ് വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടുന്നെന്ന് എൽ.ഡി.എഫ് ആരോപിക്കുമ്പോൾ ചില വാർഡുകളിൽ എസ്.ഡി.പി.ഐയുമായി സി.പി.എമ്മിന് ധാരണയുണ്ടെന്ന് ബി.ജെ.പിയും ആരോപിക്കുന്നുണ്ട്.
ബി.ജെ.പിക്കുമുണ്ട് വിമതൻമാർ
ബി.ജെ.പി ക്കുമുണ്ട് രണ്ട് വാർഡുകളിൽ വിമതൻമാർ. 15,43 വാർഡുകളിലാണ് റിബൽ സ്ഥാനാർത്ഥികളുള്ളത്. രണ്ടും നിലവിൽ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റാണ്.
തുടക്കത്തിൽ വാർഡ് 19, 20 എന്നിവിടങ്ങളിൽ യു.ഡി.എഫിന് വിമതൻമാർ വെല്ലുവിളിയുയർത്തിയിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് പിൻവലിപ്പിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേക്ക് കടക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ രാഷ്ട്രീയ പാർട്ടി മുന്നണികളൊക്കെയും മൂന്ന് റൗണ്ട് വാർഡ് പര്യടനം പൂർത്തിയാക്കി വാഹന പ്രചാരണം കൊഴുപ്പിക്കുകയാണ്. അവസാന ദിനങ്ങൾ അടുക്കുന്തോറും വിജയം നേടാനുള്ള വഴികൾ തേടിയുള്ള പരക്കം പായലിലാണ് സ്ഥാനാർത്ഥികളും മുന്നണികളും.
താനൂർ ബി.ജെ.പിയുടെ പ്രതീഷ
ആകെ 45 സീറ്റുള്ള നഗരസഭയിൽ ഏഴ് സീറ്റുമായി പ്രതിപക്ഷം ബി.ജെ.പിയാണ്. കഴിഞ്ഞ തവണ മത്സരിച്ച ബി.ജെ.പി സിറ്റിംഗ് കൗൺസിലർമാരിൽ 43-ാം വാർഡിൽ മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് ജിബീഷും അഞ്ചാം വാർഡിൽ മത്സരിക്കുന്ന ദേവകിയും മാത്രമാണ് മത്സര രംഗത്തുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |