മലപ്പുറം: മലപ്പുറം ജില്ലയെ വ്യാവസായിക ഹബ്ബാക്കി മാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി. കേരളകൗമുദി വുഡ്‌ബൈൻ ഫോളിയേജിൽ സംഘടിപ്പിച്ച 'മാറുന്ന മലപ്പുറം' ബിസിനസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് ഏറ്റവും പിറകിലായിരുന്ന മലപ്പുറം ജില്ല ഇന്ന് വിദ്യാഭ്യാസ, ഐ.ടി രംഗങ്ങളിലെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. എന്നാൽ, അഭ്യസ്തവിദ്യരായവരും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെങ്കിലും വ്യാവസായികമായി ഏറെ പിന്നിലാണ്. ഇതിനൊരു മാറ്റം വേണം. ജില്ലയിൽ നിന്ന് തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. തൊഴിൽ കൊടുക്കുന്ന ജില്ലയായും മലപ്പുറത്തെ മാറ്റേണ്ടത് അനിവാര്യമാണ്. പ്രവാസികളും വിദേശ നിക്ഷേപവും യുവസംരംഭകരുമെല്ലാം ജില്ലയിൽ ആവോളമുണ്ട്. എല്ലാവരും ഒരുമിച്ച് നിന്നാൽ നല്ലൊരു മലപ്പുറത്തെ വാർത്തെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേരളകൗമുദി യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി അദ്ധ്യക്ഷനായി. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനത്തിനുള്ള കേരളകൗമുദിയുടെ അവാർഡ് വിവേകാനന്ദ പഠന കേന്ദ്രം മാനേജർ അനിൽ ബി.കുമാർ, ആരോഗ്യമേഖലയിലെ എക്സലൻസ് അവാർഡ് പ്രിവൻഷ്യ ഗ്രൂപ്പിന് വേണ്ടി ലൈഫ് സ്ട്രാറ്റജിസ്റ്റ് ഡോ.എ.എസ്.ഹരീഷ്, ടോപ്പ് ബ്രാൻഡുകൾക്കുള്ള അവാർഡ് സൗപർണിക നൃത്ത കലാക്ഷേത്ര മാനേജിംഗ് ഡയറക്ടർ കലാമണ്ഡലം പി.എസ്.ഷിംല, ഇ-സേവ് മാനേജിംഗ് ഡയറക്ടർമാരായ ജിനി സാംസൺ, സാംസൺ എം.ജോൺ, കോസ്റ്റ്യൂം ഡിസൈനറും ഗ്ലാമോറ മാനേജിംഗ് ഡയറക്ടറുമായ ശാലിനി സതീഷ് കുമാർ, ആർ.പി.എസ് സോളാർ മാനേജിംഗ് ഡയറക്ടർ പി.രാഹുൽ എന്നിവരും മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് ഡോ. മുസ്തഫ ഹാജിയും വിദ്യാഭ്യാസ മേഖലയിലെ എക്സലൻസ് അവാർഡ് ജി കാസ്റ്റോ ഡയറക്ടർമാരായ മെഹ്ബൂബ് വടര, യൂനുസ് സലിം, വി.മാലിക്ക്, അബ്ദുൾ റൗഫ് എന്നിവരും ജബ്ബാർ ഹാജിയിൽ നിന്ന് ഏറ്റുവാങ്ങി. ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫീസർ എം.ശ്രീജിത്ത് ആശംസയർപ്പിച്ചു. കേരളകൗമുദി ബ്യൂറോ ചീഫ് ഷാബിൽ ബഷീർ സ്വാഗതവും അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ പി.സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |