കോഴിക്കോട്: നോമ്പുകാലത്തിന് തുടക്കമായതോടെ വിപണിയിൽ പ്രിയമേറി ഈന്തപ്പഴ മധുരം. നോമ്പുതുറക്കാൻ ഏറ്റവും ഉത്തമം ഈന്തപ്പഴമായതിനാലാണ് റംസാൻ കാലത്ത് ഡിമാൻഡ് കൂടുന്നത്. നീണ്ട ഉപവാസത്തിലൂടെ താഴ്ന്നിരിക്കുന്ന ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താൻ ഈന്തപ്പഴം സഹായിക്കും എന്നതാണ് ശാസ്ത്രം. ഇറാൻ, ഇറാക്ക്, അൽജീരിയ, സൗദി, ഈജിപ്ത്, ജോർദ്ദാൻ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത 30-ഓളം വ്യത്യസ്ത ഇനങ്ങളാണ് ഇത്തവണ വിപണിയിലുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില 25 മുതൽ 30 ശതമാനം വരെ കൂടിയതായി വ്യാപാരികൾ പറയുന്നു. എന്നാൽ ഗൾഫ് നാടുകളിൽ നിന്നെത്തുന്ന ഈന്തപ്പഴം തേടി എത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. വിദേശയിനങ്ങളുടെ വലിയ ശേഖരം തന്നെ കച്ചവടക്കാർ എത്തിച്ചിട്ടുണ്ട്. ഈന്തപ്പഴം വാങ്ങാനെത്തുന്നവരുടെ വലിയ തിരക്കാണ് വലിയങ്ങാടിയിലെ കടകളിൽ അനുഭവപ്പെടുന്നത്.
മദീനയിൽനിന്ന് എത്തിക്കുന്ന ഔഷധഗുണമുള്ള അജ്‌വയ്ക്കാണ് ആവശ്യക്കാരേറേ. കിലോ 800 രൂപ മുതലാണ് ഇവയുടെ വില. പ്രീമിയം അജ്‌വയ്ക്ക് 1000ത്തിന് മുകളിലാണ് വില. ജോർദാൻ, പാലസ്തീൻ, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള വലിയ ഇനം മജ്ദൂൽ, സൗദിയുടെ സഫാവി, മബ്റൂം, സഗായി, മസാഫത്തി, ഫിഗ് പ്രീമിയം, ശുഖ്രി, ബെറാറി എന്നിവയാണ് കൂടുതൽ വിറ്റുപോകുന്നവ. ഇറാനിൽ നിന്നുള്ള മസാഫത്തിക്കും ആരാധകർ ഏറെയാണ്. നാവിലിട്ടാൽ അലിഞ്ഞുപോകുന്നതാണ് പ്രത്യേകത. 250 രൂപയാണ് വില. ആവശ്യാനുസരണം മൂന്നുകിലോ, രണ്ട് കിലോ പെട്ടികളും ലഭ്യമാണ്. ഈന്തപ്പഴത്തിനൊപ്പം അണ്ടിപ്പരിപ്പ്, പിസ്ത, ബദാം, അത്തിപ്പഴം, ചെറീസ്, കിവി എന്നിവയ്ക്കും
ഡിമാൻഡ് ഏറിയിട്ടുണ്ട്.
ഈന്തപ്പഴ വില
(കിലോ)
അജ്‌വ...........800
മബ്റൂം............ 800
മഷ്റൂക്ക്......400
റാബിയ.........350
സഫാവി .........500
ഇറാൻ ഡേറ്റ്‌സ്........300
ശുഖ്രി..........340
ഇറാൻ കിമിയ......500
ഇറാഖ് സെഹദി 150
ദുബൈ ഫർദ്...........400
മജ്ദൂൽ ജോർദ്ദാൻ.......1100
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |