
കാളികാവ്: രണ്ടുമാസത്തോളമായി കോഴിക്കും മുട്ടയ്ക്കും തീവില. ഒപ്പം മത്സ്യത്തിനും വിലയിൽ വൻ കുതിപ്പ്. തമിഴ്‌നാട്ടിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതും അഭ്യന്തര ഉത്പാദന ചെലവ് കൂടിയതുമാണ് കോഴിവില കൂടാൻ കാരണമായി പറയുന്നത്. എന്നാൽ ഒരുമാസമായി മത്സ്യത്തിന്റെ വിലയും വൻതോതിലാണ് വർദ്ധിച്ചിട്ടുള്ളത്.
കോഴിക്ക് 250- 290 രൂപയും മുട്ടയ്ക്ക് 810 രൂപയുമാണ് ചില്ലറ വിൽപ്പന നടക്കുന്നത്. നാടൻകോഴിക്ക് 300-400 എന്ന തോതിലാണ് വില. മറ്റിതര ഭക്ഷ്യ വസ്തുക്കളുടെ വില വർദ്ധനവ് താങ്ങാനാകാതെ സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റ് താളം തെറ്റിയിട്ട് നാളേറെയായി. അതിനിടയിലാണ് കോഴിക്കും മത്സ്യത്തിനും പൊള്ളുന്ന തോതിൽ വില വർദ്ധനവുണ്ടായത്.
സാധാരണക്കാരന്റെ മത്സ്യ ബ്രാന്റായ മത്തി,അയല,നത്തോലി,മാന്തൾ എന്നിവക്ക് 200 നും മുകളിലാണ് വില.
മത്തി 180-200 , അയല 240-300, ചൂര 300-350, ആവോലി 500-600, കരിമീൻ 450-550, നെയ്മീൻ 600-750 എന്നിങ്ങനെയാണ് ഇന്നത്തെ നിലവാരം.
ആഴ്ചകളായി തീരക്കടലിൽ മത്സ്യലഭ്യത 70 ശതമാനത്തിലധികം കുറഞ്ഞതായി തോണിക്കാർ പറയുന്നു.
മിക്ക ദിവസങ്ങളിലും തോണികൾ ചെലവു പോലും ലഭിക്കാതെയാണ് മടങ്ങുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.
ആറുമാസത്തോളമായി മത്തി കേരള തീരത്ത് നിന്നും കാണാതായിട്ടുണ്ട്.
കിട്ടുന്നവ തന്നെ കുഞ്ഞൻ മത്തികളാണ്. എന്നും വിലക്കുറവിൽ ലഭിക്കുന്ന മത്തി, അയല, നത്തോലി, മാന്തൾ, ചെമ്പല്ലി തുടങ്ങിയവക്കു പോലും 200ന് അടുത്താണ് വില.ഇപ്പോൾ സംസ്ഥാനത്തിന് ആവശ്യമുള്ള മത്സ്യങ്ങൾ ആന്ധ്ര,തമിഴ്നാട്,തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. ഇത്തരം വരവ് മത്സ്യങ്ങൾക്ക് നേരത്തെ തന്നെ വിലക്കയറ്റമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |