SignIn
Kerala Kaumudi Online
Monday, 02 March 2026 5.52 AM IST

‘ഫ്ലാറ്റായി’ കൊച്ചിയിലെ ഫ്ലാറ്റ് തട്ടിപ്പ്: ബിൻസി മുങ്ങിയത് നേപ്പാളിലേക്ക്....

Increase Font Size Decrease Font Size Print Page
bincy

കൊച്ചി: കൊച്ചിയിലെ പ്രൈം ലൊക്കേഷനുകളിൽ ഫ്ലാറ്റുകൾ വാടകയ്ക്കെടുത്ത് ലീസിന് നൽകി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുനടത്തിയ കേസിൽ കേരള പൊലീസ് തെരയുന്ന ‘ഹെക്സാർക്ക് ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡി’ന്റെ നടത്തിപ്പുകാരി ബിൻസി വേണുഗോപാൽ നേപ്പാളിലേക്ക് കടന്നു. ഭർത്താവ് ശിവകുമാർ കട്ടപ്പയുമായി ചേർന്ന് തമിഴ്നാട്ടിൽ നടത്തിയ ഫ്ലാറ്റ് തട്ടിപ്പ് പുറത്തായതിനെ തുടർന്ന് അവിടെ നിന്ന് മുങ്ങിയ ബിൻസി എറണാകുളം എം.ജി റോഡ് ഷേണായീസ് ജംഗ്ഷന് സമീപം ഓഫീസ് തുറന്നാണ് ജില്ലയിൽ വ്യാപക തട്ടിപ്പ് നടത്തിയത്. മറൈൻഡ്രൈവ്, കാക്കനാട് ഇൻഫോപാർക്ക്, എളമക്കര എന്നിവിടങ്ങളിലെ പ്രമുഖ ഫ്ലാറ്റുടമകളെ സമീപിച്ച് പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനി എന്ന വ്യാജേന ഫ്ലാറ്റുകൾ വാടകയ്ക്കെടുത്ത ശേഷം 20 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപവരെ ഈടാക്കി ആവശ്യക്കാർക്ക് പാട്ടത്തിന് നൽകിയായിരുന്നു തട്ടിപ്പ്. ഫ്ലാറ്റ് ഉടമകൾക്ക് ഏതാനും മാസം ഹെക്സാർക്കിൽ നിന്ന് കൃത്യമായി വാടക നൽകിയിരുന്നു. പിന്നീട് വാടക മുടങ്ങുന്നതോടെ ഉടമകൾ ഒഴിപ്പിക്കാനെത്തുമ്പോഴാണ് കബളിക്കപ്പെട്ടതായി താമസക്കാർ തിരിച്ചറിയുന്നത്. എറണാകുളം ജില്ലയിൽ സെലിബ്രിറ്റികളുൾപ്പെടെ 75 പേർക്ക് 14 കോടി രൂപ ഈയിനത്തിൽ നഷ്ടമായി. ഇവരിൽ 47 പേർ പരാതികളുമായി രംഗത്തുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും എളമക്കരയിലുമായി ഇതിനകം 8 കേസുകൾ രജിസ്റ്റർ ചെയ്തു. ഹെക്സാർക്കിലെ രണ്ട് ജീവനക്കാർ അറസ്റ്റിലായി.

തട്ടിപ്പിന് തുടക്കം ചെന്നൈയിൽ

2019ൽ ബിൻസി വേണുഗോപാലിന്റെ ഭർത്താവ് ശിവകുമാർ കട്ടപ്പ ഡയറക്ടറായി രൂപീകരിച്ച ‘എസ്.ടി.എസ്.കെ പ്രൊപ്പ്ടെക്’ കമ്പനിയുടെ പേരിലാണ് തമിഴ്നാട്ടിൽ ഫ്ലാറ്റ് തട്ടിപ്പ് അരങ്ങേറിയത്. 2022ൽ കമ്പനിയുടെ അഡിഷണൻ ഡയറക്ടറായി ബിൻസിയെ നിയമിച്ചു. ചെന്നൈയ്ക്ക് സമീപമുള്ള ഗിണ്ടി കേന്ദ്രീകരിച്ചായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. ചെന്നൈ നഗരത്തിന്റെ പ്രൈം ലൊക്കേഷനുകളിലെ ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്തായിരുന്നു തട്ടിപ്പ്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ വിവിധ കോടതികളിൽ സിവിൽ കേസുകൾ നിലവിലുണ്ട്. ബിഗ്ബോസിന്റെ തമിഴ്പതിപ്പ് മൂന്നാം സെഷനിൽ പങ്കെടുത്ത ഡാനി എന്ന മത്സരാർത്ഥി ഫ്ലാറ്റ് തട്ടിപ്പിൽ തനിക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട് കടക്കെണിയിലായ വിവരം തുറന്നുപറഞ്ഞത് തമിഴ്നാട്ടിൽ വലിയ ചർച്ചാവിഷയമായി. തുടർന്ന് ബെംഗളൂരുവിലേക്ക് മുങ്ങിയ ശിവകുമാർ കട്ടപ്പ കർണാടകം കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രവ‌ർത്തിക്കുന്നതെന്നാണ് കേരള പൊലീസിന് ലഭിച്ച വിവരം.

കൊച്ചിയിലെത്തിയത് 2023ൽ

ബിൻസി മാതാപിതാക്കളോടൊപ്പം കൊച്ചിയിലെത്തിയത് 2023ൽ. ഇടപ്പള്ളിയിലെ ഫ്ലാറ്റിലായിരുന്നു താമസം. ഒ.എൽ.എക്സ് വഴിയാണ് ആളുകളെ ക്യാൻവാസ് ചെയ്തിരുന്നത്. ഫ്ലാറ്റുകളുടെ ചിത്രം സഹിതമാണ് പോസ്റ്റ് ചെയ്യുന്നത്. ബിസിനസുകാരും ഐ.ടി പ്രൊഫഷണലുകളും സിന‌ിമാതാരങ്ങളും തട്ടിപ്പിനിരയായവരിൽപ്പെടും. പാട്ട വ്യവസ്ഥയിൽ ഫ്ലാറ്റുകൾ എടുക്കുന്നത് ലാഭകരമായതിനാൽ പലരും ലക്ഷങ്ങൾ നൽകാൻ തയ്യാറായി. ലീസ് കാലാവധി അവസാനിക്കുമ്പോൾ തുക പൂർണമായി തിരിച്ചു തരുമെന്നതായിരുന്നു ഉറപ്പ്. ഹെക്സാർക്ക് ജീവനക്കാരെയും ബിൻസി കബളിപ്പിച്ചതായി സൂചനയുണ്ട്. 3 മാസത്തെ ശമ്പളം നൽകാതെയാണ് നേപ്പാളിലേക്ക് ബിൻസി മുങ്ങിയത്. പാലക്കാട് സ്വദേശിയാണ് ബിൻസിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.