മലപ്പുറം: ജനക്ഷേമവും അടിസ്ഥാന വികസനവും ലക്ഷ്യമാക്കി മലപ്പുറം ജില്ലാ പഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്‌ജറ്റ് അവതരിപ്പിച്ചു. 202.45 കോടി രൂപ വരവും 192.64 കോടി രൂപ ചെലവും 46.14 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റാണ് വൈസ് പ്രസിഡന്റ് അഡ്വ.എ.പി. സ്മിജി അവതരിപ്പിച്ചത്. ജില്ലയിൽ സമ്പൂർണ്ണ കാൻസർ ആശുപത്രി സ്ഥാപിക്കും. കിഡ്നി വെൽഫയർ സൊസൈറ്റിയുടെ പ്രവർത്തനം പുനരാരംഭിക്കും. വനിതകൾക്ക് സൗജന്യ യാത്രയ്ക്ക് ഷീ ബസ്, അന്താരാഷ്ട്ര സ്‌പോർട്സ് സിറ്റി, ആശാവർക്കർമാർക്ക് അധിക വേതനം, സ്മാർട്ട് മലപ്പുറം പദ്ധതി, പൈതൃകശാല, വി.ആർ ലാബുകൾ, ഭിന്നശേഷിക്കാർക്ക് ആക്സസ് ഓൺ വീൽസ് പദ്ധതി, കാർബൺ ന്യൂട്രൽ പദ്ധതി എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഷാഹിന നിയാസി, പി.കെ.അസ്‌ലു, ആലിപ്പറ്റ ജമീല, കെ.ടി.അജ്മൽ, അംഗങ്ങളായ വെട്ടം ആലിക്കോയ, കെ.ടി.അഷ്‌റഫ്, എൻ.എ.കരീം, സെക്രട്ടറി പി.എം.രാജീവ്, ഫിനാൻസ് ഓഫീസർ എം.മുഹമ്മദ് ബഷീർ ചർച്ചയിൽ പങ്കെടുത്തു.
ആരോഗ്യ മേഖലയ്ക്ക് 20 കോടി
തിരൂർ, നിലമ്പൂർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രികൾ, വളവന്നൂർ ജില്ലാ ആയുർവേദാശുപത്രി, മുണ്ടുപറമ്പിലെ ജില്ലാ ഹോമിയോ ആശുപത്രി, വണ്ടൂരിലെ ചേതന ഹോമിയോ കാൻസർ ആശുപത്രി എന്നിവിടങ്ങളിൽ ആധുനിക ചികിത്സാ സംവിധാനങ്ങൾ ആരംഭിക്കുന്നതിനും ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും 15 കോടി രൂപ ചെലവഴിക്കും.
ക്യാൻസർ ചികിത്സാ കേന്ദ്രം
ജില്ലയിൽ ക്യാൻസർ ചികിത്സയ്ക്ക് പ്രത്യേകമായ ആധുനിക ആശുപത്രി സ്ഥാപിക്കുന്നതിനായി ബഡ്‌ജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തി. അനുയോജ്യമായ സ്ഥലം കണ്ടെത്തി ഈ വർഷം തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി പറഞ്ഞു. പ്രാരംഭഘട്ടത്തിൽ ഒ.പി സേവനങ്ങളും സ്‌ക്രീനിംഗ് സംവിധാനങ്ങളും ആരംഭിക്കും. തുടർന്ന് മുഴുവൻ സൗകര്യങ്ങളോട് കൂടിയ ചികിത്സാ വിഭാഗം തുടങ്ങും.
സൊസൈറ്റി പുനരാരംഭിക്കും
കിഡ്നി വെൽഫയർ സൊസൈറ്റിയുടെ പ്രവർത്തനം പുനരാരംഭിക്കും. രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനായി പഞ്ചായത്തുകൾക്ക് വിഹിതം നൽകാൻ രണ്ട് കോടിയും സൗജന്യമായി മരുന്ന് നൽകാൻ ഒരുകോടി രൂപയും ബഡ്‌ജറ്റിൽ അനുവദിച്ചു.
വനിതകൾക്ക് നാല് കോടി
വനിതകൾക്ക് സ്വയംതൊഴിൽ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് രണ്ട് കോടി രൂപ വകയിരുത്തി. തനിച്ച് യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകൾക്ക് താമസിക്കാൻ പഞ്ചായത്തുകളുമായി സഹകരിച്ച് ഷീ ഷെൽറ്ററുകൾ നിർമ്മിക്കാൻ 50 ലക്ഷം രൂപയും സ്ത്രീകളുടെ ജിംനേഷ്യം, വെൽനെസ് സെന്ററുകൾക്ക് ഒരുകോടിയും അനുവദിച്ചു.
വരും സൗജന്യ ബസ്
വനിതകൾക്ക് ബസിൽ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കും. ഇതിനായി കെ.എസ്.ആർ.ടി.സി ബസ് വാടകയ്ക്കെടുക്കും. വനിതകൾക്ക് പൂർണമായും സൗജന്യമായി യാത്ര ചെയ്യാവുന്ന രീതിയിലാണ് ബസ് സർവീസ് ഒരുക്കുക. ഇതിനായി പ്രാഥമിക ഘട്ടത്തിൽ 50 ലക്ഷം രൂപ ബഡ്‌ജറ്റിൽ വകയിരുത്തി.
അന്താരാഷ്ട്ര സ്‌പോർട്സ് സിറ്റി
ജില്ലയുടെ കായിക മേഖലയ്ക്ക് കരുത്തായി സ്‌പോർട്സ് സിറ്റി സ്ഥാപിക്കും. അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാകാൻ കഴിയുന്ന ഗ്രൗണ്ടും സിന്തറ്റിക് ട്രാക്കും ഉൾപ്പടെ സൗകര്യങ്ങളുണ്ടാക്കും. 15 ഏക്കറിലാണ് സ്‌പോർട്സ് സിറ്റി ഒരുങ്ങുക. വിദ്യാർത്ഥികൾക്ക് കായിക മേഖലയിൽ പരിശീലനം നൽകുന്ന അന്താരാഷ്ട്ര അക്കാദമിയും ഇതിനോടൊപ്പം പ്രവർത്തിക്കും. 33 ഡിവിഷനുകളിലും ഫുട്‌ബാൾ മൈതാനങ്ങൾ സ്ഥാപിക്കും. പ്രാഥമിക പ്രവർത്തനങ്ങൾക്ക് രണ്ട് കോട് രൂപ വകയിരുത്തി. ഭിന്നശേഷിക്കാർക്ക് മാത്രമായി പ്രത്യേക കായികകേന്ദ്രം സ്ഥാപിക്കും.
എ.ഐ മലപ്പുറം
സാങ്കേതികവിദ്യ ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് പകർന്നുനൽകുന്നതിനായി ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിൽ വിർച്വൽ റിയാലിറ്റി ലാബുകൾ ഒരുക്കും.
നെറ്റ് സീറോ മലപ്പുറം
മാലിന്യ സംസ്‌കരണം, മണ്ണ് സംരക്ഷണം, ദുരന്തനിവാരണം, ഭാവി തലമുറയ്ക്ക് സുരക്ഷിത പരിസ്ഥിതി ഉറപ്പാക്കുക ലക്ഷ്യമിട്ട് കാർബൺ ന്യൂട്രൽ പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി സോളാർ പവർ പ്ലാന്റുകൾ സ്ഥാപിക്കും. സ്‌കൂൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ സോളാർ എനർജിയിലേക്ക് മാറ്റും. ഇ-മാലിന്യങ്ങളുടെ സംസ്‌കരണത്തിന് കേന്ദ്രം സ്ഥാപിക്കും. മൂന്ന് കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.
നെക്സ്റ്റ് ജെൻ മലപ്പുറം
നെക്സ്റ്റ് ജെൻ പദ്ധതിയിലൂടെ യുവാക്കൾക്ക് സ്വദേശത്തും വിദേശത്തും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. 'യൂത്ത് സ്‌കിൽ ലോഞ്ച്' എന്ന പേരിൽ എല്ലാ ഡിവിഷനുകളിലും ഐ.ടി, കോഡിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, റോബോട്ടിക്സ് എന്നീ മേഖലകളിലെ പഠന കേന്ദ്രങ്ങൾ ഒരുക്കും.
ടൂറിസത്തിന് പി.പി.പി
എടവണ്ണപ്പാറ മുറിഞ്ഞിമാടിലെ അനധികൃത ടൂറിസത്തെ അധികൃതവും പരിസ്ഥിതി അനുയോജ്യവുമാക്കുന്നതിന് ഒരുകോടി രൂപ അനുവദിച്ചു. ഭാരതപ്പുഴ, ചാലിയാർ, തിരൂർ, തൂതപ്പുഴ, കടലുണ്ടി പുഴ എന്നിവയോട് ചേർന്ന് ടൂറിസം പദ്ധതികൾ നടപ്പിലാക്കും. ജില്ലയിൽ ഏതൊക്കെ ടൂറിസം പദ്ധതികൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാമെന്ന് പഠിക്കാൻ പത്ത് ലക്ഷം രൂപയും വകയിരുത്തി. ജില്ലയുടെ പൈതൃകവും പെരുമയും ഉൾപ്പെടുത്തി മ്യൂസിയം നിർമ്മിക്കുന്നതിലേക്ക് ആദ്യഘട്ടമായി 50 ലക്ഷം രൂപ അനുവദിച്ചു. ഭൂമിയുള്ള സ്കൂളുകളിൽ ചിൽഡ്രൻസ് പാർക്ക് നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായി അരീക്കോട് ഗവ.ഹയർസെക്കന്ററിയിൽ പാർക്ക് നിർമ്മിക്കാൻ ഒരുകോടിയും വകയിരുത്തിയിട്ടുണ്ട്.
പ്രത്യേക വാഹന സൗകര്യം
ഭിന്നശേഷിക്കാരുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണുകയാണ് ആക്സസ് ഓൺ വീൽസ് പദ്ധതി. ഭിന്നശേഷിക്കാർക്ക് പ്രയോജനപ്പെടുത്താവുന്ന രീതിയിൽ പ്രത്യേക വാഹന സൗകര്യം പദ്ധതിയിലൂടെ ഒരുക്കും. ഹൈഡ്രോളിക് ലിഫ്റ്റിന്റെ സഹായത്തോടെ വീൽചെയറിൽ നിന്നും മാറാതെ വാഹനത്തിലേക്ക് കയറാവുന്ന ടൂറിസ്റ്റ് വാഹന സൗകര്യമാവുമിത്. വീൽചെയറിൽ കഴിയുന്നവർക്ക് പരസഹായമില്ലാതെ ആശുപത്രികളിൽ ഉൾപ്പെടെ എത്താൻ വാഹനം ഉപയോഗപ്രദമാകും. ഭിന്നശേഷി സൗഹൃദ ജില്ലയെന്ന ലക്ഷ്യവുമായി വിവിധ പദ്ധതികൾക്ക് 10 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.
മറ്റ് പദ്ധതികളിങ്ങനെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |