തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ 35 ഏക്കർ ഭൂമി അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിനായി വിട്ടുനൽകിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സർവകലാശാല അധികൃതർ. സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ സർക്കാരിൽ നിന്നുള്ള ഒരുനിർദ്ദേശം സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് എത്തിയിരുന്നു. എന്നാൽ ഭൂമി വിട്ടുനൽകാൻ സിൻഡിക്കേറ്റിന് നിയമപരമായ അധികാരമില്ലെന്നിരിക്കെ, ഭൂമി കൈമാറിയതായി പ്രചരിക്കുന്ന വാർത്തകൾ ദുരൂഹമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമി വാണിജ്യ സ്വഭാവമുള്ളതോ വിനോദ ആവശ്യങ്ങൾക്കോ വേണ്ടിയുള്ള സ്റ്റേഡിയത്തിന് കൈമാറുക നിയമപരമായി സാദ്ധ്യമല്ല. ഇത്തരമൊരു നീക്കത്തിന് വ്യക്തമായ നിയമം ആവശ്യമാണ്. അതില്ലാതെ ഭൂമി കൈമാറ്റം നടക്കുമെന്ന പ്രചാരണം യാഥാർത്ഥ്യവുമായി യോജിക്കുന്നതല്ല. പദ്ധതിയുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് , ധാരണാപത്രത്തിന്റെ കരട്, ഫണ്ടിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളിൽ സർവകലാശാലയ്ക്ക് യാതൊരു ഔദ്യോഗിക രേഖയും ലഭിച്ചിട്ടില്ല. വിഷയത്തിൽ സർക്കാരുമായി വൈസ് ചാൻസലർ വിശദമായ ആശയവിനിമയം നടത്തും.
50,000 പേർക്ക് ഇരിക്കാവുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കാൻ കുറഞ്ഞത് 100 ഏക്കറെങ്കിലും ഭൂമി ആവശ്യമാണ്. 35 ഏക്കറിൽ ഇത്തരമൊരു വലിയ പദ്ധതി നടപ്പാക്കാമെന്ന അവകാശവാദം പ്രായോഗികമല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആവശ്യമായ രേഖകളില്ലാതെ ഭൂമി കൈമാറ്റം നടന്നുവെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |