SignIn
Kerala Kaumudi Online
Friday, 24 April 2026 11.08 PM IST

ഹരിതാഭം പെരിന്തൽമണ്ണ; ചെങ്കൊടി പാറുമോ

Increase Font Size Decrease Font Size Print Page

മലപ്പുറം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 വോട്ടിന്റെ ബലത്തിൽ യു.ഡി.എഫിനൊപ്പം നിന്ന നിയോജക മണ്ഡലമാണ് പെരിന്തൽമണ്ണ. 2016ൽ അനിൽ അക്കരയ്ക്ക് വടക്കാഞ്ചേരിയിൽ ലഭിച്ച 43 വോട്ടായിരുന്നു അതുവരെ നിയമസഭയിലേക്ക് രേഖപ്പെടുത്തിയ കുറഞ്ഞ ഭൂരിപക്ഷം. വർഷം അഞ്ച് പിന്നിടുമ്പോൾ ഉറച്ച ഭൂരിപക്ഷത്തിൽ വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. ജില്ലയിൽ ഇടതിന് താരതമ്യേന സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഉൾപ്പെട്ട പെരിന്തൽമണ്ണയിൽ സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണം ആവർത്തിക്കണോ, അതോ പാർട്ടി സ്ഥാനാർത്ഥിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാൻ ഇറങ്ങണോ എന്നതിൽ കൺഫ്യൂഷനിലാണ് ഇടതുപക്ഷം. ലീഗിൽ നിന്ന് മറുകണ്ടം ചാടിയ മുൻ മലപ്പുറം നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് മുസ്തഫ പോര് കനപ്പിച്ചപ്പോൾ മുസ്ലിം ലീഗിന്റെ നജീബ് കാന്തപുരം കോട്ട തകരാതെ കാത്തു. തിരഞ്ഞെടുപ്പിന് ശേഷം വിജയത്തേയും പോൾ ചെയ്ത വോട്ടിനേയും ചൊല്ലിയുണ്ടായ തർക്കങ്ങളും ബാലറ്റ് പെട്ടി വിവാദവുമെല്ലാം കോടതി കയറിയതെല്ലാം പെരിന്തൽമണ്ണയെ സജീവ ചർച്ചാകേന്ദ്രമാക്കി.

തദ്ദേശ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ വലിയ മുന്നേറ്റത്തിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. മണ്ഡല പരിധിയിലെ പെരിന്തൽമണ്ണ നഗരസഭയടക്കം ഏഴ് തദ്ദേശ സ്ഥാപനങ്ങളിൽ സമ്പൂർണ്ണ വിജയം യു.ഡി.എഫിന് നേടാനായി. 30 വർഷത്തിന് ശേഷം പെരിന്തൽമണ്ണ നഗരസഭാ ഭരണം പിടിച്ചെടുത്തു. ഇടതിന്റെ കൈവശമുണ്ടായിരുന്ന പുലാമന്തോൾ, ഏലംകുളം, താഴേക്കോട്, മേലാറ്റൂർ പഞ്ചായത്തുകൾ പിടിച്ചെടുത്തപ്പോൾ ആലിപ്പറമ്പും വെട്ടത്തൂരും യു.ഡി.എഫ് നിലനിറുത്തി. പഞ്ചായത്തുകളിൽ 16,446 വോട്ടിന്റെയും ജില്ലാ പഞ്ചായത്തിൽ 18,232 വോട്ടിന്റെയും ലീഡുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം ആവർത്തിക്കുക എന്നതാണ് യു.ഡി.എഫിന് മുന്നിലെ വെല്ലുവിളി.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി അംഗീകരിക്കുന്ന ഇടതുപക്ഷം ഈ ചിത്രം നിയമസഭയിൽ ആവർത്തിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം ഉയർത്തിയാണ് ഈ അവകാശവാദം. 2016ൽ ലീഗിന്റെ മഞ്ഞളാംകുഴി അലിക്ക് സി.പി.എമ്മിന്റെ വി.ശശികുമാറിനെതിരെ 579 വോട്ടിനാണ് വിജയിക്കാനായത്. 2021ൽ ഇത് 38 വോട്ടായി മാറിയതും ചൂണ്ടിക്കാട്ടുന്നുണ്ട്.

യു.ഡി.എഫിനായി സിറ്റിംഗ് എം.എൽ.എ നജീബ് കാന്തപുരം തന്നെ മത്സരിച്ചേക്കും. കഴിഞ്ഞ തവണ മണ്ഡലത്തിന് നജീബ് പുതുമുഖമായിരുന്നെങ്കിൽ അഞ്ചുവർഷത്തെ വികസന പ്രവർത്തനങ്ങളും വിദ്യാഭ്യാസ രംഗത്തെ മാതൃകാപരമായ ഇടപെടലുകളും താഴെതട്ടിലിറങ്ങിയുള്ള പ്രവർത്തന ശൈലിയും യു.ഡി.എഫ് ക്യാമ്പിന് വലിയ ആത്മവിശ്വാസമേകുന്നുണ്ട്. ഐ.എ.എസ് പരിശീലന കേന്ദ്രമടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലീഗിലെ പടലപ്പിണക്കങ്ങൾ വലിയ തലവേദന സൃഷ്ടിച്ച പെരിന്തൽമണ്ണയിൽ ഈ അവസ്ഥയ്ക്ക് മാറ്റംകൊണ്ടുവരാൻ നജീബിന്റെ ഇടപെടലുകളിലൂടെ കഴിഞ്ഞിട്ടുണ്ട്. നജീബ് കാന്തപുരത്തിന് വീണ്ടും അവസരമേകണമെന്ന പൊതുവികാരം മണ്ഡലം, പ്രാദേശിക ഘടകങ്ങൾക്കുണ്ട്.

അന്ന് ചെങ്കൊടി,​ ഇന്ന് ഹരിതം

  • 1957 മുതൽ 1969 വരെ നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും പെരിന്തൽമണ്ണയിൽ പാറിയത് ചെങ്കൊടിയായിരുന്നു. അന്ന് പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു പെരിന്തൽമണ്ണ.
  • 1970 മുതൽ 2001 വരെ നടന്ന എട്ട് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വിജയിച്ചു. കെ.കെ.എസ് തങ്ങൾ രണ്ടുതവണയും നാലകത്ത് സൂപ്പി ആറ് തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ചു.
  • 2006ലെ തിരഞ്ഞെടിപ്പിൽ വി.ശശികുമാറിലൂടെ സി.പി.എം അട്ടിമറി വിജയം നേടി.
  • 2011ലും 2016ലും ലീഗിന്റെ മഞ്ഞളാംകുഴി അലി വിജയിച്ചു. 2021ൽ നജീബ് കാന്തപുരം ഈ വിജയത്തിന് തുടർച്ചയേകി.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പ്
നജീബ് കാന്തപുരം (യു.ഡി.എഫ്) 76,530
കെ.പി.എം.മുസ്തഫ (ഇടത് സ്വത.) 76492
സുചിത്ര മാട്ടട (ബി.ജെ.പി) 8,​021
ഭൂരിപക്ഷം 38

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.