പൊന്നാനി: ഇടതുസ്വതന്ത്രനായി കെ.ടി. ജലീൽ വീണ്ടും തവനൂരിലെത്തുന്നതോടെ ഇത്തവണയും തീപാറും മത്സരം ഉറപ്പായി. കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി മത്സരരംഗത്തെത്തുമെന്നാണറിയുന്നത്. പി.ടി. അജയ്മോഹന്റെ പേരും പരിഗണനയിലുണ്ട്. അതേസമയം, തിരുവാമ്പാടി കോൺഗ്രസിന് വിട്ടുകൊടുത്ത് തവനൂരിൽ മത്സരിക്കുകയെന്ന അവസാന വട്ട നീക്കുപോക്കുകൾ നടന്നാൽ ജോയ് തിരുവാമ്പാടിയിലാവും മത്സരിക്കുക. തവനൂരിൽ ലീഗ് സ്ഥാനാർത്ഥി മത്സരിക്കാൻ വഴിയൊരുങ്ങും.തവനൂർ മണ്ഡലം രൂപീകരിക്കപ്പെട്ട കാലം മുതൽ കഴിഞ്ഞ മൂന്നു തവണയും ഇടതു സ്വതന്ത്രനായി ഡോ. കെ.ടി. ജലീലാണ് വിജയിച്ചിട്ടുള്ളത്.ഇത്തവണ ഒരു ഘട്ടത്തിൽ വി. പി. സാനുവിനെ പോലുള്ള യുവ നിരയെ തവനൂരിലിറക്കാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ നിർണായക പോരാട്ടത്തിൽ പരീക്ഷണം വേണ്ടെന്ന തീരുമാനത്തിലേക്ക് സി.പി.എം എത്തുകയായിരുന്നു.
ലീഗിന്റെ കൈയിലുള്ള തിരുവമ്പാടി സീറ്റ് പട്ടാമ്പിയുമായി വച്ചുമാറാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് തവനൂരിൽ ജോയിയുടെ പേരിന് പ്രാമുഖ്യം കിട്ടിയത്. തിരുവമ്പാടി സീറ്റും തവനൂരും വച്ചുമാറാനുള്ള ചർച്ച ഫലവത്തായാൽ ലീഗ്സ്ഥാനാർത്ഥിയും ജലീലും തമ്മിൽ നേരിട്ടുള്ള പോരാട്ടത്തിന് വഴിയൊരുങ്ങും. തദ്ദേശതിരഞ്ഞെടുപ്പിൽലഭിച്ച മികച്ച വിജയം കോൺഗ്രസിന് വലിയ പ്രതീക്ഷയാണ് തവനൂരിലും പൊന്നാനിയിലും നൽകുന്നത്. ഇത്തവണ ഇരുമണ്ഡലങ്ങളും പിടിച്ചടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പാർട്ടി പോരിനിറങ്ങുക. അതേസമയം സ്ഥാനാർത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ച് സി.പി.എം പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
സന്ദീപിന് വിനയായത് ബി.ജെ.പി
സന്ദീപ് വാര്യരുടെ പേര് തവനൂരിൽ ഉയർന്നിരുന്നെങ്കിലും ബി.ജെ.പിക്ക് നിർണ്ണായക വോട്ടുകളുള്ള ഇവിടെ സന്ദീപിനെ തോൽപ്പിക്കാൻ ബി.ജെ.പി വോട്ട് മറിക്കുമെന്ന ഭയം തിരിച്ചടിയായി.
ജോയിക്കൊപ്പം തന്നെ പറഞ്ഞു കേൾക്കുന്ന പേരാണ് പി.ടി. അജയ്മോഹന്റേത്. പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയും അജയ് മോഹന് ലഭിച്ചിരുന്നു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുകയെന്ന പാർട്ടി തീരുമാനത്തിനൊപ്പം നിന്ന വി.എസ്. ജോയിക്ക് ഇത്തവണ മത്സരിക്കാൻ അവസരം കൊടുക്കണമെന്ന ശക്തമായ അഭിപ്രായമുയരുകയായിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |