പാലക്കാട്: 'മാലിന്യമുക്ത നവകേരളം' കാമ്പയിൻ ഊർജ്ജിതമാക്കിയതോടെ സംസ്ഥാനത്തെ മാലിന്യ നീക്കം അതിവേഗം പുരോഗമിക്കുന്നു. പാലക്കാട് ജില്ലയിൽ ഈ സാമ്പത്തിക വർഷം ക്ലീൻ കേരള കമ്പനി തദ്ദേശ സ്ഥാപനങ്ങളിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളിൽ(എം.സി.എഫ്) നിന്ന് 5731 ടൺ മാലിന്യമാണ് നീക്കം ചെയ്തത്. 2024 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 25 വരെയുള്ള കണക്കാണിത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നിലവിൽ പ്രതിദിനം 30 ടണ്ണിലേറെ മാലിന്യമാണു ജില്ലയിൽ നിന്നു നീക്കുന്നത്. ഈ വർഷം നീക്കിയതിൽ 4931 ടണ്ണും പുനരുപയോഗിക്കാനാകാത്ത നിഷ്‌ക്രിയ മാലിന്യമാണ്. 800 ടൺ തരംതിരിച്ച മാലിന്യവുമുണ്ട്. 2023-24 വർഷം 4038 ടണ്ണും 2022-23 വർഷം 1351 ടൺ മാലിന്യവുമാണു ജില്ലയിൽ നിന്നു നീക്കിയത്. തദ്ദേശ സ്ഥാപനങ്ങൾ വഴിയാണു മാലിന്യ ശേഖരണം.
ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ എം.സി.എഫിൽ കൊണ്ടുവന്ന് തരം തിരിച്ചാണ് ക്ലീൻ കേരളയ്ക്ക് കൈമാറുന്നത്. പുനരുപയോഗവും പുനഃചംക്രമണവും സാദ്ധ്യമായ മാലിന്യങ്ങൾക്ക് ക്ലീൻകേരള കമ്പനി ഹരിതകർമ്മ കൺസോർഷ്യത്തിന് നിശ്ചിത തുക നൽകും. നിഷ്‌ക്രിയ മാലിന്യങ്ങൾ കൊണ്ടുപോയി ശാസ്ത്രീയമായും സുരക്ഷിതമായും സംസ്‌കരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ ക്ലീൻ കേരള കമ്പനിക്ക് തുക നൽകും. ജില്ലയിൽ ക്ലീൻ കേരള കമ്പനി എം.സി.എഫുകളിൽ നിന്നും കൃത്യമായ ഇടവേളകളിൽ മാലിന്യം നീക്കുന്നുണ്ട്. ജനുവരിക്ക് ശേഷം ചൂട് വർദ്ധിച്ചതോടെ പ്രത്യേക ലിഫ്റ്റ് പ്ലാൻ തയ്യാറാക്കിയാണ് എം.സി.എഫുകളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. മാർച്ച് 24ന് മാത്രം 33 ടൺ മാലിന്യവും 25ന് 34 ടൺ മാലിന്യവും നീക്കം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |