കഞ്ചിക്കോട്: ദേശീയപാതയരുകിൽ മാലിന്യം തളളുന്നത് തടയാൻ കർശന നടപടികളുമായി പുതുശ്ശേരി ഗ്രാമപഞ്ചായത്ത്. മാലിന്യം തള്ളുന്നവരിൽ നിന്ന് പതിനായിരം രൂപ പിഴയീടാക്കും എന്ന് രേഖപ്പെടുത്തിയ ബോർഡുകൾ ദേശീയ പാതയുടെ ഇരുവശങ്ങളിലും ഉടനീളം സ്ഥാപിച്ചിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളെല്ലാം സി.സി.ടി.വി നിരീക്ഷണത്തിലാണ്. മാലിന്യം കൊണ്ടിടുന്നവരെ കണ്ടെത്താൻ കാവലിന് ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. പഞ്ചായത്തിനെ സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടികൾ. വീടുകളിലെ മാലിന്യങ്ങൾ ഹരിതകർമ്മ സേന പ്രവർത്തകർ നീക്കം ചെയ്യുന്നുണ്ട്. എല്ലാ മെമ്പർമാരുടെയും നേതൃത്വത്തിൽ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനം ഇതിനകം നടന്നു കഴിഞ്ഞിട്ടുണ്ട്. പ്രധാന കവലകളിലെല്ലാം ജൈവ ബിന്നുകളും ബോട്ടിൽ ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാതയോരങ്ങളിൽ ശുചീകരണം നടന്ന് വരികയാണ്. ദേശീയപാതയുടെ വശങ്ങളിൽ ഇതര പ്രദേശങ്ങളിലുള്ളവർ രാത്രി കാലങ്ങളിൽ മാലിന്യം കൊണ്ടിടുന്ന പ്രശ്നത്തിന് കൂടി പരിഹാരം കാണാനാണ് കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതിന് ശേഷം മാലിന്യം കൊണ്ടിടുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇങ്ങിനെ മാലിന്യം കൊണ്ടുവരുന്നവരെ പിടികൂടി പിഴ ചുമത്തുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതർ. ഇതിനായി ജനകീയ സമിതികൾ രൂപീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |