കഞ്ചിക്കോട്: ഭൂഗർഭജലം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത് മലമ്പുഴ ബ്ലോക്കിലെ കർഷകരെ വലയ്ക്കുന്നു. ബ്ലോക്ക് പരിധിയിലെ പുതുശ്ശേരി, മരുതറോഡ്, മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, കൊടുമ്പ് എന്നിവ ഭൂജലവകുപ്പിന്റെ കണക്കിൽ ഗുരുതര വിഭാഗത്തിൽപ്പെട്ട പഞ്ചായത്തുകളാണ്. ഇനി മുതൽ ഈ പ്രദേശങ്ങളിലുള്ളവർക്ക് ഒരു ദിവസം ഉപയോഗിക്കാവുന്ന വെള്ളത്തിന്റെ അളവ് 5000 ലിറ്റർ ആയി നിജപ്പെടുത്തി. ഇത് കർശനമായി നടപ്പാക്കാൻ ഭൂജല അതോറിറ്റി ഉന്നതതലയോഗം തീരുമാനിച്ചതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്. ഭൂഗർഭജല ഉപയോഗം നിയന്ത്രിക്കാൻ ഫ്‌ളോ മീറ്ററുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഫ്‌ളോ മീറ്ററിന്റെ ചെലവായ 7500 രൂപ വഹിക്കേണ്ടതും കർഷകരാണ്. കൃഷി ചെയ്ത വിള ഏതെന്നോ വിസ്തീർണ്ണം എത്രയെന്നോ പരിഗണിക്കാതെ എല്ലാവർക്കും 5000 ലിറ്റർ വെള്ളം എന്ന കണക്ക് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കർഷകർ. അഞ്ച് സെന്റ് മുതൽ പത്ത് ഏക്കർ വരെ സ്ഥലങ്ങളിൽ കൃഷിയിറക്കിയവരുണ്ട്. കൃഷി ചെയ്യുന്ന വിളയുടെ തരവും സ്ഥലത്തിന്റെ വിസ്തീർണ്ണവും പരിഗണിച്ച് ഭൂജല അതോറിറ്റി കൃഷിക്ക് ഉപയോഗിക്കാവുന്ന വെള്ളത്തിന്റെ അളവിൽ മാറ്റം വരുത്തണമെന്നാണ് കർഷകരുടെ ആവശ്യം.
ഡിസ്റ്റിലറികൾക്ക് വെള്ളം യഥേഷ്ടം
തോട്ടവിളകളും പച്ചക്കറികളും കൃഷി ചെയ്യുന്ന വലിയൊരു വിഭാഗം കർഷകർ ഇവിടെയുണ്ട്. കനാൽവെള്ളം എത്താത്ത സ്ഥലങ്ങളിലും ലഭ്യമല്ലാത്ത സമയത്തും ഭൂഗർഭജലം ഉപയോഗിച്ചാണ് ഇവർ കൃഷി നിലനിർത്തുന്നത്. ദിവസം 5000 ലിറ്റർ വെള്ളം കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല. പച്ചക്കറി കൃഷി ഉണക്കം നേരിടുകയും തോട്ടവിളകൾക്ക് ഉദ്പാദനം കുറയുകയും ചെയ്യുമെന്ന ഗുരുതര സാഹചര്യമാണ് കർഷകർ നേരിടുന്നത്. അഞ്ച് എച്ച്.പിയിൽ കൂടുതൽ ശേഷിയുള്ള മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് മിക്ക കർഷകരും കൃഷിയിറക്കുന്നത്. ഇനി മുതൽ മൂന്ന് എച്ച്.പി ശേഷിയുള്ള മോട്ടോറുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതിയേ ഭൂജല അതോറിറ്റി ജില്ലാ ഓഫീസർക്ക് നൽകാൻ അധികാരമുള്ളു. അഞ്ച് എച്ച്.പി മോട്ടോർ സ്ഥാപിക്കണമെങ്കിൽ കലക്ടർ ചെയർമാനായ ജില്ലാ അവലോകന സമിതിയുടെയും ഇതിൽ കൂടുതൽ ശേഷിയുള്ള മോട്ടോറുകൾ സ്ഥാപിക്കാൻ സംസ്ഥാന ഭൂജല അതോറിറ്റിയുടെയും അനുമതി വേണം.
മലമ്പുഴ ബ്ലോക്കിൽ ഭൂഗർഭ ജലം ഉപയോഗിക്കുന്ന ഡിസ്റ്റിലറികളും മറ്റ് വ്യവസായ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |