ജനങ്ങളുടെ ഭീതിയും യാത്ര ക്ലേശവും വഴിമാറുന്നു
ചിറ്റൂർ: വർഷകാലമായാൽ കല്യാണ പേട്ട, നറണി, കോരിയാർ ചള്ള നിവാസികൾക്ക് എന്നും ഭീതിയാണ്. ചിറ്റൂർ പുഴയിലെ ആലാങ്കടവ്-നറണി കോസ് വേ ഏതു സമയത്തും കവിഞ്ഞൊഴുകാം. ഇതാണ് ഇവിടത്തുകാരെ ഭയപ്പെടുത്തുന്നത്. വർഷകാലത്ത് പലപ്പോഴും രാത്രിയിലും പുലർച്ചെയും അപ്രതീക്ഷിതമായി ഉണ്ടാകുന്ന മഴവെള്ള പാച്ചിലിൽ പാലം കവിഞ്ഞൊഴുകിയതറിയാതെ ആളുകളും വാഹനങ്ങളും അപകടത്തിൽ പെടുന്നതും പേടി സ്വപ്നമായിരുന്നു. എന്നാൽ വരാനിരിക്കുന്ന വർഷ കാലം മുതൽ ജനങ്ങൾക്ക് ഈ ഭീതി ഒഴിവാകും. കാരണം ആലാങ്കടവിൽ നറണി പുഴയ്ക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന പാലം ജൂണിൽ ഗതാഗതത്തിന് തുറന്നുകൊടുക്കാൻ സജ്ജമായി കഴിഞ്ഞുവെന്ന് നിർമ്മാണം നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതർ പറഞ്ഞു.
നിർമ്മാണം അതിവേഗത്തിൽ
2024 ഫെബ്രുവരിയിലാണ് പഴയപാലം പൊളിച്ച് പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 18 മാസത്തിനകം 2025 ആഗസ്റ്റിൽ നിർമ്മാണം പൂർത്തികരിക്കണമെന്നാണ് കരാർ. പഴയപാലം പൊളിച്ചപ്പോൾ നറണി, കല്യാണ പേട്ട, കോരിയാർ ചള്ള പ്രദേശത്തേക്ക് ചെറിയ വാഹനങ്ങൾക്കുള്ള ഗതാഗത സൗകര്യത്തിന് താൽക്കാലിക സമാന്തരപാത ഒരുക്കിയിരുന്നു. എന്നാൽ പിന്നീടുണ്ടായ മഴവെള്ള പാച്ചിലിൽ താൽക്കാലിക പാതയും തകർന്നതോടെ പ്രദേശവാസികളുടെ യാത്ര ദുരിതത്തിലായി. ഇപ്പോൾ നറണി, കോരിയാർ ചള്ള തുടങ്ങിയ പ്രദേശത്തുകാർക്ക് തൊട്ടടുത്തുള്ള ചിറ്റൂരിലെത്താൻ കിലോ മീറ്ററുകൾ ചുറ്റി സഞ്ചരിക്കണം. കാലവർഷത്തിൽ ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ യുദ്ധകാല അടിസ്ഥാനത്തിലാണ് പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ നടക്കുന്നത്. 10.39 കോടി രൂപ ചിലവിൽ ചിറ്റൂർ എം.എൽ.എയും മന്ത്രിയുമായ കെ.കൃഷ്ണൻകുട്ടിയുടെ ശ്രമഫലമായി നറണി പുഴയ്ക്ക് കുറുകെ ഉയരുന്ന പുതിയ പാലം തികച്ചും നവീന രീതിയിലുള്ളതാണ് .
148.50 മീറ്റർ നീളവും 11മീറ്റർ വീതിയുമുള്ള പുതിയ പാലത്തിന് 7.5 മീറ്ററാണ് വാഹനങ്ങൾക്ക് കടന്നു പോകാനുള്ള വീതി. 1.5 മീറ്റർ വീതിയിൽ ഇരു വശത്തും നടപ്പാതയും ഉണ്ടാകും. പാലത്തിന്റെ ഇരുകരകളിലുമായി 115 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രാഷ് ബാരിയർ, സുരക്ഷ മുന്നറിയിപ്പ്, ഡി.എൽ.പി ബോർഡുകൾ, റോഡ് മാർക്കിംഗ്, സ്റ്റഡ് പതിക്കൽ, പെയിന്റിംഗ് എന്നിവയും പ്രവർത്തിയിൽ ഉൾപ്പെടുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |