അവിശ്വാസം കൊണ്ട് വന്നത് 8 എൽ.ഡി.എഫ് അംഗങ്ങൾ
നിലവിൽ കക്ഷിനില സി.പി.എം 8, കോൺഗ്രസ് 6, ബി.ജെ.പി 3, സ്വതന്ത്രർ 3
മുതലമട: ആഴ്ചകളോളം നീണ്ടുനിന്ന രാഷ്ട്രീയ നാടകത്തിന് തിരശീലയിട്ട് മുതലമട ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ഇന്ന് ചർച്ച നടക്കും. ഇതിന്റെ ഭാഗമായി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. മുതലമടയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഭരണ കാലാവധിക്കുള്ളിൽ രണ്ടുതവണ അവിശ്വാസ പ്രമേയം വരുന്നത്. രാവിലെ 10.30നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഉച്ചയ്ക്ക് 2:30ന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ബി.ജെ.പി, കോൺഗ്രസ് അംഗങ്ങൾക്ക് അവിശ്വാസത്തിൽ നിന്ന് വിട്ട് നിൽക്കാൻ പാർട്ടി വിപ്പ് നൽകിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എമ്മിലെ ഒരു അംഗത്തിന് സർക്കാർ ജോലി കിട്ടി രാജിവച്ചതോടെ സി.പി.എമ്മിന് എട്ടും കോൺഗ്രസിന് ആറും ബി.ജെ.പിക്ക് മൂന്നും സ്വതന്ത്രർക്ക് രണ്ടും എന്ന നിലയിൽ ആയിരുന്നു കക്ഷിനില. തുടർന്ന് സ്വതന്ത്ര അംഗങ്ങൾ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ തുടർന്നാണ് സി.പി.എമ്മിന് ഭരണം നഷ്ടപ്പെട്ടത്. 17ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർത്ഥി വിജയിച്ചതോടെ മൂന്നു സ്വതന്ത്രന്റെയും ആറ് കോൺഗ്രസ് അംഗങ്ങളുടെയും ബി.ജെ.പി അംഗങ്ങളുടെയും പിന്തുണയോടെ സ്വതന്ത്രരായ പി.കല്പനാദേവി പ്രസിഡന്റും എം.താജുദ്ദീൻ വൈസ് പ്രസിഡന്റുമായി. അവിശ്വാസ പ്രമേയത്തിന് പാർട്ടി വിപ്പ് ലംഘിച്ചുകൊണ്ട് കോൺഗ്രസിനോടൊപ്പം ചേർന്നു വോട്ട് ചെയ്ത ബി.ജെ.പി അംഗങ്ങളെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും പ്രാഥമിക അംഗത്വത്തിൽ നിന്ന് പോലും പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് പാർട്ടിയുടെ നിർദ്ദേശപ്രകാരം അവരെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
അവിശ്വാസ പ്രമേയത്തിൽ പാർട്ടിയുടെ നിർദേശപ്രകാരം വിപ്പ് കിട്ടിയിട്ടുണ്ട്. പാർട്ടി നിർദ്ദേശം മറികടന്ന് യാതൊരു പ്രവർത്തിയും ചെയ്യില്ല.
കെ.സതീഷ്, ബി.ജെ.പി പഞ്ചായത്ത് അംഗം.
ജില്ലാ നേതൃത്വം കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ ആരും തന്നെ അവിശ്വാസ ചർച്ചയിൽ പങ്കെടുക്കില്ല.
ആർ.ബിജോയ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്
പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരോട് പകപോക്കൽ നടപടിയാണ് സ്വീകരിക്കുന്നത്. ഗ്രാമ പഞ്ചാത്തിന്റെ വികസന മുരടിപ്പിന് വഴിയൊരുക്കുന്നതിനെതിരെയാണ് ഈ അവിശ്വസം.
കെ.ബ്രിജേഷ്, സി.പി.എം മുതലമട ലോക്കൽ സെക്രട്ടറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |