ചെലവ് 25 കോടി രൂപ
പദ്ധതി ആരംഭിച്ചത് 2017ൽ
പദ്ധതികാലയളവ് നീണ്ടതോടെ തുക 25 ൽ നിന്ന് 40 കോടിയായി ഉയർന്നു
അഗളി: വർഷങ്ങൾക്ക് മുമ്പ് കോടികൾ മുടക്കി നിർമ്മിച്ച അട്ടപ്പാടി സമഗ്ര കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളമെത്തുന്നതും കാത്തിരിക്കുകയാണ് അട്ടപ്പാടിക്കാർ. 2017ൽ നബാഡിന്റെ സഹായത്തോടെ 25 കോടി രൂപ ചെലവിലാണ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. വർഷം എട്ടായിട്ടും പദ്ധതി യാഥാർത്ഥ്യമായിട്ടില്ല.
പാടവയൽ ഭവാനിപ്പുഴയിൽ പമ്പ് ഹൗസും പ്ലാമരത്തിന് സമീപം ശുദ്ധീകരണശാലയും സ്ഥാപിച്ച് വെള്ളം കൊട്ടമേട്ടിലെത്തിച്ച് അഗളി പഞ്ചായത്തിൽ വിതരണം ചെയ്യാൻ ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണംചെയ്തത്. പദ്ധതികാലയളവ് നീണ്ടതോടെ തുക 25ൽ നിന്ന് 40 കോടിയായി ഉയർന്നു. കേന്ദ്രസർക്കാരിന്റെ ജൽജീവൻമിഷൻ വന്നതോടെ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ അട്ടപ്പാടിയിലെ അഗളി, പുതൂർ, ഷോളയൂർ ഗ്രാമപഞ്ചയാത്തുകളിൽ കുടിവെള്ളമെത്തിക്കുന്നതിനായി അട്ടപ്പാടി സമഗ്ര കുടിവെള്ളപദ്ധതിയായി. ഇതുപ്രകാരം ആദ്യഘട്ടത്തിൽ അഗളി 85 കോടി, പുതൂർ 58 കോടി, ഷോളയൂർ 36 കോടിരൂപ എന്നിങ്ങനെ ചെലവിട്ട് 10,000 കുടിവെള്ള കണക്ഷൻ നൽകുന്ന പദ്ധതിയായി അത് മാറി.
ആദ്യഘട്ടം പൂർത്തിയാകുന്നതിന് മുൻപേ രണ്ടാംഘട്ടമായി അഗളി പഞ്ചായത്തിന് 12.08 കോടി, ഷോളയൂർ 10.4 കോടി, പുതൂർ 11.7 കോടി രൂപ എന്നിങ്ങനെ വകയിരുത്തി.
കഴിഞ്ഞവർഷം വേനലിൽ ഭവാനിപ്പുഴ കിഴക്കൻമേഖലയിൽ പൂർണമായി വറ്റിയിരിന്നു. പുഴയ്ക്ക് നടുവിൽ ചെറിയ കുഴികൾ കുഴിച്ചാണ് ആദിവാസികളടക്കം കുടിവെള്ളം ശേഖരിച്ചിരുന്നത്. വേനൽ ക്കാലത്താണ് അട്ടപ്പാടിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നത്.
ഒരാഴ്ച മുമ്പ് ട്രയൽറൺ നടന്നു
എട്ടുവർഷത്തിന് ശേഷം താവളം പാടയവയലിൽ ഭവാനിപ്പുഴയിൽ നിന്ന് പ്ലാമരം ശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളമെത്തിക്കാനുള്ള ട്രയൽറൺ ഒരാഴ്ച മുമ്പാണ് നടത്തിയത്. പ്ലാന്റിലേക്ക് പൈപ്പിലൂടെ വെള്ളം ഒഴുകിയതോടെ താവളത്ത് പൈപ്പിന്റെ ജോയിന്റ് പൊട്ടി. വെള്ളംചീറ്റി പുഴയ്ക്ക് സമാനമായി മണ്ണാർക്കാട് - ചിന്നത്തടാകം റോഡ്. ഇതിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കയാണ്. 2021ൽ സ്ഥാപിച്ച പൈപ്പുകൾ ഇനിയുള്ള ട്രയൽറണ്ണിലും തകരാൻ സാദ്ധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |