അലനല്ലൂർ: മുട്ടക്ക് ക്ഷാമം നേരിട്ടതോടെ വില കേട്ടാൽ ഞെട്ടും. തമിഴ്നാട്ടിൽനിന്നുള്ള മുട്ടയുടെ വരവ് കുറഞതും സ്‌കൂൾ സീസണായയതും മുട്ടക്ക് ക്ഷാമം നേരിടാനും വില കൂടാനും കാരണമായതുമായി വ്യാപാരികൾ പറയുന്നു. ചില്ലറ വിപണിയിൽ വില 6.50-7 രൂപയായി. നാടൻ കോഴിമുട്ടക്ക് 8-9 രൂപ വരെയാണ് വില. താറാവു മുട്ടയാകട്ടെ 12-13 രൂപ വരെയായി. ഈ വിലയ്ക്കും നാടൻ താറാവു മുട്ടകൾ ആവശ്യത്തിനു കിട്ടാനില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വീടുകളിലെ കോഴിവളർത്തൽ ഗണ്യമായി കുറയുന്നതിനാൽ വില കുറയാനുള്ള സാധ്യതയും വ്യാപാരികൾ കാണുന്നില്ല. സംസ്ഥാനത്ത് പക്ഷിപ്പനിയെത്തുടർന്ന് താറാവുകളെയും കോഴികളെയും കുട്ടത്തോടെ കൊന്നൊടുക്കിയശേഷം പല ഫാമുകളും തുറക്കാത്തതാണ് മുട്ടവിലയെ ബാധിച്ചതായി വ്യാപാരികൾ പറയുന്നു. തമിഴ്നാട്ടിലെ നാമകല്ലിൽ നിന്നാണ് ജില്ലയിലേക്കുള്ള കോഴിമുട്ട ഏറെയും എത്തുന്നത്. കർണാടക, ആന്ധ്ര എന്നിവിടങ്ങ ളിൽനിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മുട്ട എത്തിക്കുന്നുണ്ട്. അടുത്തിടെയായി കുടുംബശ്രീ ഗ്രാമീണ മേഖലകളിൽ നാടൻ കോഴി ഫാമുകൾ വൻതോതിൽ ആരംഭിച്ചിരുന്നുവെങ്കിലം വിപണിയിൽ കാര്യമായ ചലനമുണ്ടാക്കിയിട്ടില്ല. മുട്ട ശേഖരിച്ച് വിപണനം ചെയ്യുന്നതിന് സർക്കാർ തലത്തിൽ സംവിധാനമില്ലാത്തതും മുട്ട കൂടുതലുണ്ടെങ്കിൽ പ്രാദേശിക വിപണികളിൽ വിറ്റുതീർക്കാനാവുന്നില്ലെന്നതും വലിയ പരാജയമാണ്. കൂടാതെ കോഴിത്തീറ്റവില കൂടിയതും കർഷകരെ പിന്നോട്ടടിക്കുന്നു. മുട്ടവില ഉയർന്നതോടെ ഹോട്ടലുകാരും തട്ടുകട ഉടമകളും നട്ടംതിരിയുകയാണ്. മിക്ക തട്ടുകടകളുടെയും പ്രധാന വരുമാനം വൈകുന്നേരങ്ങളിൽ ഉള്ള ഓംലെറ്റും ബുൾസ് ഐയുമാണ്. പെട്ടെന്ന് വിലകൂട്ടിയാൽ ഉപഭോക്താക്കൾ കുറയുമെന്നതിനാൽ വിലകൂട്ടാൻ പലരും മടിക്കുകയാണ്. ഹോട്ടലുകളിൽ മുട്ടറോസ്റ്റിന് രണ്ടു മുതൽ അഞ്ചു രൂപ വരെ വർധിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |