കുടുംബ ബജറ്റിനൊപ്പം പലഹാര കടകളുടെ ബാലൻസും തെറ്റും
ആറുമാസത്തിനിടെ ഇരട്ടിയിലധികം വില വർദ്ധന
ഏപ്രിലിൽ ലിറ്ററിന് 300 കടന്നു
തേങ്ങയുടെ വില 80 രൂപയ്ക്കു മുകളിൽ
പാലക്കാട്: സംസ്ഥാനത്ത് വെളിച്ചെണ്ണ വില റോക്കറ്റുപോലെ കുതിക്കുന്നു. കിലോയ്ക്ക് വില നാനൂറ് രൂപയ്ക്കും മുകളിൽ എത്തിയതോടെ ഹോട്ടലുകളും കേറ്ററിംഗ് സ്ഥാപനങ്ങളും ചെറുകിട പലഹാരക്കടകളും പ്രതിസന്ധിയിലായി. ഭക്ഷ്യവിഭവങ്ങളുടെ വില കൂട്ടാതെ പിടിച്ചു നിൽക്കാനാകില്ലെന്ന് കച്ചവടക്കാർ. വെളിച്ചെണ്ണ വില മൊത്ത വിപണിയിൽ ലിറ്ററിന് 400 കടന്നു. ആറുമാസത്തിനിടെ ഇരട്ടിയിലധികം വിലയാണു വർദ്ധിച്ചത്. മാർച്ച് മുതലാണ് വില കുതിച്ചുയരാൻ തുടങ്ങിയത്. ഏപ്രിലിൽ ലിറ്ററിന് 300 കടന്നു. ഓണം അടുക്കുമ്പോൾ 500 ആകുമെന്നാണ് ആശങ്ക.
വെളിച്ചെണ്ണയുടെ ചില്ലറ വിൽപനവില ലിറ്ററിന് 450 -480 രൂപയിലുമെത്തിയിട്ടുണ്ട്. മാസങ്ങളായി കിലോയ്ക്ക് 80 രൂപയ്ക്കു മുകളിലാണു തേങ്ങയുടെ വില. മിക്ക വിഭവങ്ങളിലും തേങ്ങ നിർബന്ധമായ മലയാളികൾക്ക് വിലക്കയറ്റം തിരിച്ചടിയാകുമെന്ന് ഉറപ്പ്. തേങ്ങയുടെയും കൊപ്രയുടെയും ലഭ്യത കുറഞ്ഞാൽ ഓണക്കാലത്തു പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ തയാറാക്കാൻ ചെലവേറും.
താളംതെറ്റുന്ന ഹോട്ടൽ, കേറ്ററിംഗ് മേഖല
കിലോയ്ക്ക് നാന്നൂറും കടന്ന് വെളിച്ചെണ്ണ വില കുതിക്കുമ്പോൾ താളം തെറ്റുന്നത് കുടുംബ ബജറ്റുകളുടെ മാത്രമല്ല, ഹോട്ടൽ, കേറ്ററിംഗ്, ചെറുകിട പലഹാരക്കടകളുടെ ബഡ്ജറ്റുകൾ കൂടിയാണ്. പ്രതിസന്ധി മറികടക്കാൻ ഭക്ഷ്യവിഭവങ്ങളുടെ വില കൂട്ടേണ്ട അവസ്ഥയാണെന്നാണ് ഹോട്ടൽ നടത്തിപ്പുകാർ പറയുന്നത്. എണ്ണയിൽ വറുത്തെടുക്കുന്ന ചിപ്സ് വിഭവങ്ങൾക്ക് കിലോയ്ക്ക് എൺപത് രൂപ വരെ വില കൂട്ടിക്കഴിഞ്ഞു.
ചുവട് മാറ്റി കുടുംബങ്ങൾ
വെളിച്ചെണ്ണയ്ക്ക് വിലയേറിയതോടെ പാചകത്തിനായി മറ്റ് എണ്ണകൾ ആശ്രയിക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാർ. സൺഫ്ളവർ ഓയിലാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പാമോയിൽ ലിറ്ററിനു 140 രൂപയും സൺഫ്ളവർ ഓയിൽ ലിറ്ററിനു 170 രൂപയുമാണു വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |