ആലത്തൂർ: പാലക്കാട് ജില്ലയിലെ ഒമ്പത് കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങൾ തകരാറിലായതിനെ തുടർന്ന് പ്രാദേശിക കാലാവസ്ഥാ വിവരം സാറ്റലൈറ്റ് വഴി ലഭിക്കുന്നില്ല. ഇതോടെ 2022 മുതലുള്ള കാലാവാസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് ആനുകൂല്യവിതരണം മുടങ്ങിയതായി വ്യാപക പരാതി. ജില്ലയിൽ ബ്ലോക്ക് തലത്തിലും സ്റ്റേറ്റ് സീഡ് ഫാമുകളിലുമായി 19 കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളാണുള്ളത്. ഇതിൽ 10 എണ്ണമേ പ്രവർത്തിക്കുന്നുള്ളൂ. ഓരോ ബ്ലോക്കിലെയും പ്രാദേശിക കാലാവസ്ഥ നിരീക്ഷിച്ച് പ്രളയം, വരൾച്ച, കാറ്റ് എന്നിവയുടെ തീവ്രത സാറ്റലൈറ്റ് മുഖേന കേന്ദ്രീകൃത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലേക്ക് നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ പ്രകൃതിക്ഷോഭ സാധ്യതാ പ്രദേശങ്ങൾ കണ്ടെത്തി കാർഷിക വിളകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന കേന്ദ്രസംസ്ഥാന സംയുക്ത പദ്ധതിയാണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ്. പാലക്കാട് ജില്ലയിൽ 65,000 കർഷകരാണ് പദ്ധതിയിലുള്ളത്. ഇതിൽ 30,000 പേർക്ക് 2022 മുതൽ ആനുകൂല്യം നൽകിയിട്ടില്ല. പ്രാദേശിക കാലാവസ്ഥാ റിപ്പോർട്ട് ലഭിക്കാത്തതിനാലാണിത്. എം.സി.എം.എൽ എന്ന കമ്പനി 16ഉം സ്‌കൈനെറ്റ് കമ്പനി മൂന്നും കാലാവസ്ഥാനിരീക്ഷണ ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. മാസം തോറും അറ്റകുറ്റപ്പണി നടത്തേണ്ടത് ഈ കമ്പനികളാണ്. ചില കേന്ദ്രങ്ങളിൽ 2020നു ശേഷം അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്നാണ് ലോഗ് ബുക്കിൽ കാണുന്നത്. സോളാർ പാനൽ, മഴ, ചൂട്, കാറ്റ് മാപിനികൾ എന്നിവ തകരാറിലാണ്. ഇൻഷ്വറൻസ് പദ്ധതി കേന്ദ്രസംസ്ഥാന സംയുക്ത പദ്ധതിയാണെങ്കിലും കാലാവസ്ഥാനിരീക്ഷണ കേന്ദ്രങ്ങൾ സംസ്ഥാന കൃഷിവകുപ്പിന് കീഴിലാണ്.
ഇൻഷ്വറൻസ് 27 ഇനം വിളകൾക്ക്
നെല്ലും തെങ്ങും പച്ചക്കറികളും അടക്കം 27 ഇനം വിളകൾക്കാണ് ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കേണ്ടത്. നെല്ലിന് കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷതയ്ക്ക് അനുസരിച്ച് ഹെക്ടറിന് 12,000 മുതൽ 50,000 രൂപവരെ ആനുകൂല്യം ലഭിക്കാനുണ്ട്. ഏക്കറിന് 640 രൂപയാണ് ഇൻഷ്വറൻസ് പ്രീമിയം. ഈ വർഷം മുതൽ റബ്ബർ, തെങ്ങ്, തേയില, കാപ്പി എന്നിവയെ ഒഴിവാക്കി. ഇൻഷ്വറൻസ് രജിസ്‌ട്രേഷനുള്ള വെബ്‌സൈറ്റിൽ പരിഷ്‌കാരം നടത്തുന്നതിനാൽ രജിസ്‌ട്രേഷന് വേണ്ടി സൈറ്റ് തുറന്നിരുന്നില്ല. ജൂൺ 30 ആയിരുന്നു അവസാന തീയതി. പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കണമെന്നും അതുവരെ മറ്റ് കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് മുടങ്ങിക്കിടക്കുന്ന ധനസഹായത്തുക വിതരണത്തിന് നടപടി സ്വീകരിക്കണമെന്നും കുഴൽമന്ദം ബ്ലോക്ക് പാടശേഖരസമിതി കോഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |