ചിറൂർ: ഭാവിയിലേക്ക് വൻ സാധ്യതകൾ തുറക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പെരുമാട്ടിയിൽ ഹൈടെക് മാർക്കറ്റ് ആൻഡ് അഗ്രോ പ്രൊസസിംഗ് യൂണിറ്റിന്റെ ഒന്നാംഘട്ട നിർമ്മാണോദ്ഘാടനം നടത്തുകയായിരുന്നു മന്ത്രി. മഴനിഴൽ പ്രദേശം എന്നത് ശാപമല്ല അനുഗ്രഹമാണ്. പഴവും പച്ചക്കറിയും കൃഷി ചെയ്യാൻ പറ്റുന്ന കാലാവസ്ഥയും മണ്ണുമാണ് ഇവിടെയുള്ളതെന്നാണ് ഗവേഷണങ്ങൾ പറയുന്നതെന്ന് മന്ത്രി പറഞ്ഞു. മണ്ണ്, ഇല, വെള്ളം എന്നിവ പരിശോധിച്ച് കൃഷി ചെയ്യുകയും, മായം കലർത്താത്ത പച്ചക്കറിയും കീടനാശിനികൾ ഉപയോഗിക്കാത്ത കൃഷിരീതിയും നടപ്പിലാക്കി പദ്ധതി മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യണമെന്ന് ചടങ്ങി. അദ്ധ്യക്ഷത വഹിച്ച വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. പ്രാദേശിക കാർഷികോൽപ്പന്നങ്ങൾക്ക് പുതിയ വിപണി സാധ്യതകളും കർഷകർക്ക് മികച്ച വരുമാനവും ലക്ഷ്യമിട്ടാണ് പെരുമാട്ടി പഞ്ചായത്ത് ഹൈടെക് മാർക്കറ്റ് ആൻഡ് അഗ്രോ പ്രൊസസിംഗ് യൂണിറ്റ് ഒരുക്കുന്നത്. കെ.ബാബു എം.എൽഎ മുഖ്യാതിഥിയായി.തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ കെ.ജി.സന്ദിപ് റിപ്പോർട്ട് അവതരിപ്പിച്ചു. 2020-21 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി 10 കോടി രൂപ വിനിയോഗിച്ചാണ് ഒന്നാം ഘട്ട നിർമാണം നടത്തുന്നത്. 2014-15 സാമ്പത്തിക വർഷത്തിൽ 1.15 കോടി രൂപ മുടക്കി മൂലത്തറ വില്ലേജിലെ കമ്പാലത്തറയിൽ അഞ്ച് ഏക്കർ സ്ഥലം ഗ്രാമപഞ്ചായത്ത് ഇതിനായി വാങ്ങിയിരുന്നു. കർഷകർക്ക് ന്യായവില ഉറപ്പാക്കാനും കാർഷിക മേഖലയ്ക്ക് ഉണർവേകാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഈ സ്ഥലത്ത് വൈദ്യുതി, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുജാത, പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ്, പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് എ.കൃഷ്ണകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ്,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഹസീന ബാനു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |