പാലക്കാട്: വീടുകളിലും സ്ഥാപനങ്ങളിലും നിറയുന്ന ഇ- മാലിന്യം വില നൽകി ശേഖരിക്കാനൊരുങ്ങി ഹരിതകർമ്മ സേന. ജില്ലയിൽ ആദ്യഘട്ടത്തിൽ പൈലറ്റ് പദ്ധതിയായി ഏഴ് നഗരസഭകളിലാണ് ഇതു നടപ്പാക്കുക. ക്ലീൻ കേരള കമ്പനിയുടെ ആഭിമുഖ്യത്തിലാണ് പ്രത്യേക പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഇ-മാലിന്യം ശേഖരിക്കുന്നതിനായി ഇന്നുമുതൽ പ്രത്യേക കാമ്പയിൻ ആരംഭിക്കും. ശുചിത്വ മിഷൻ, നവകേരള മിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ പിന്തുണയോടെയും അതാത് നഗരസഭകളുടെ നേതൃത്വത്തിലുമാണ് കാമ്പയിൻ. മാലിന്യത്തിന്റെ അളവനുസരിച്ച് പണം നൽകും. ആദ്യഘട്ടത്തിൽ കോർപ്പറേഷൻ, നഗരസഭ പരിധിയിലുള്ള വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായിരിക്കും മാലിന്യം എടുക്കുക. രണ്ടാംഘട്ടത്തിൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. പുനഃചംക്രമണത്തിന് യോഗ്യമായ മാലിന്യത്തിനാണ് പണം ലഭിക്കുക. ശേഖരിക്കുന്ന മാലിന്യം ഹരിതകർമ്മസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറും. കമ്പനി സേനാംഗങ്ങൾക്കുള്ള പണം നൽകും. യഞ്ജത്തിന് കുടുംബശ്രീയുടെ പരിപൂർണ സഹകരണവും ഉണ്ടാകും.
ശേഖരിക്കേണ്ട മാലിന്യങ്ങൾ, പുനഃചംക്രമണ സാദ്ധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ, ഇ - മാലിന്യത്തിന്റെ വില, ഭവിഷ്യത്തുകൾ എന്നിവ കേന്ദ്രീകരിച്ച് ഹരിതകർമ്മ സേനാംഗങ്ങൾക്ക് ക്ലീൻ കേരള കമ്പനി പരിശീലനവും നൽകും. നിലവിൽ അജൈവ പാഴ് വസ്തു ശേഖരണ കലണ്ടർ പ്രകാരം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മ സേന മുഖേന വർഷത്തിൽ രണ്ട് തവണ ഇമാലിന്യം ശേഖരിക്കുന്നതിന് ക്രമീകരണമുണ്ട്. എന്നാൽ ഇമാലിന്യം കൃത്യമായി ഹരിതകർമ്മസേനക്ക് കൈമാറാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനായാണ് അവക്ക് വില നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യം എം.സി.എഫ്, കണ്ടെയ്നർ എം.സി.എഫ് എന്നിവിടങ്ങളിൽ സൂക്ഷിക്കും. ഇവിടെ നിന്നും നിശ്ചിത ദിവസം ക്ലീൻ കേരള കമ്പനിയിലേക്ക് എത്തിക്കും. ജില്ലയിൽ ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 3535 ടൺ അജൈവ മാലിന്യമാണ് ക്ലീൻ കേരള കമ്പനി നീക്കം ചെയ്തത്. ഇ-മാലിന്യ ശേഖരണ ദിവസവും സമയവും മുൻകൂട്ടി അറിയിക്കും. ഇ-മാലിന്യത്തിന്റെ വില കൃത്യമായി നിശ്ചയിച്ച് പണവും രസീതും ഗുണഭോക്താക്കൾക്ക് നൽകും. അയൽക്കൂട്ടം വഴി കാമ്പയിൻ പ്രചാരണം നടത്തേണ്ടത് കുടുംബശ്രീയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |