ആഗസ്റ്റ് 11ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും
പട്ടാമ്പി: ഭാരതപ്പുഴയുടെ തീരത്ത് ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയായ ഇ.എം.എസ് പാർക്ക് ആഗസ്റ്റ് 11ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ആദ്യഘട്ടത്തിൽ 90 ലക്ഷവും രണ്ടാംഘട്ടത്തിനായി 50 ലക്ഷവും വകയിരുത്തിയാണ് പാർക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. പാർക്കിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ, തഹസിൽദാർ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) സെക്രട്ടറി എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർക്കിന്റെ ദൈനംദിന നടത്തിപ്പിനായി ടെൻഡർ ചെയ്ത് നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് എം.എൽ.എ പറഞ്ഞു. ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങളും കുട്ടികൾക്ക് കളിക്കുന്നതിനുള്ള റൈഡുകളും ആണ് സജ്ജീകരിച്ചിരിക്കുന്നത്. പാർക്കിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ നിലവിലുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കും. പൂർണമായും എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. ജില്ലയിലെ ടൂറിസം സാധ്യതയുള്ള ഇടമാക്കി വിഭവങ്ങളും മറ്റും ലഭ്യമാകുന്ന തരത്തിൽ പാർക്ക് വികസിപ്പിക്കാനും, കുടുംബശ്രീയുടെയും, ആദിവാസി വിഭവങ്ങളുമടങ്ങുന്ന മേളകൾ പാർക്കിൽ സംഘടിപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |