വടക്കഞ്ചേരി: മണ്ണും മണലും പാറകളും മരങ്ങളുമെല്ലാം അടിഞ്ഞുകൂടി മംഗലം ഡാമിന്റെ സംഭരണശേഷി കുറഞ്ഞു. ഇതേ തുടർന്ന് മഴക്കാലത്ത് ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളം മുഴുവൻ സംഭരിക്കാനാകാതെ ഒഴുക്കി കളയേണ്ട അവസ്ഥയാണ്. കനത്ത മഴയെ തുടർന്ന് ഇത്തവണ ജൂണിൽ തുറന്ന ഷട്ടറുകൾ ഇതുവരെ അടയ്ക്കാനായിട്ടില്ല. ജൂൺ 16നാണ് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നത്. സെക്കൻഡിൽ 30.2 മീറ്റർ ക്യൂബ് വെള്ളമാണ് ഷട്ടറുകൾ തുറന്നദിവസം വൃഷ്ടി പ്രദേശങ്ങളിൽ നിന്നും റിസർവോയറിലേക്ക് എത്തിയത്. ഇതനുസരിച്ച് ഷട്ടറുകൾ ഉയർത്തിയും താഴ്ത്തിയും ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുകയാണ്. പീച്ചിയിലുള്ള കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും(കെ.ഇ.ആർ.ഐ), ദേശീയ ഡാം പരിശോധന വിഭാഗമായ എൻ.സി.ഇ.എസ്.എസും രണ്ട് തവണയായി നടത്തിയ പരിശോധനയിൽ മംഗലം ഡാമിൽ 30 ശതമാനത്തോളം മണ്ണും മണലും ചെളിയുമായി നിറഞ്ഞിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. അതിനാൽ കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ ഡാം നിറഞ്ഞു സ്പിൽവെ ഷട്ടറുകൾ തുറക്കേണ്ടി വരുന്നു.
ജലസമൃദ്ധിയുണ്ടെങ്കിലും നല്ല വേനലുണ്ടായാൽ മംഗലം ഡാം മകരകൊയ്ത്ത് കഴിഞ്ഞ നെൽപ്പാടം പോലെയാകും. മേയ് മാസം അവസാനത്തിലും ജൂൺ ആദ്യത്തിലുമൊക്കെയായി കനത്ത കുറച്ചു മഴ ലഭിച്ചാൽ മതി ഡാം വീണ്ടും നിറയും. പിന്നെ മൂന്നുനാലു മാസങ്ങൾ ഷട്ടറുകൾ തുറന്ന് വക്കണം. അതല്ലാതെ മറ്റു വഴികളില്ല. കാൽനൂറ്റാണ്ടായി ഇതാണ് മംഗലം ഡാമിന്റെ സ്ഥിതി.
ഡാമിലെ ചെളി നീക്കൽ നിലച്ചു
2018 ലും 2019ലും പ്രളയം ഉണ്ടായപ്പോൾ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളായ മലകളിലും വ്യാപകമായി ഉരുൾപൊട്ടലുകളുണ്ടായി. അവിടെ നിന്നെല്ലാം മണ്ണും മണലും പാറകളും മരങ്ങളുമെല്ലാം ഡാമിൽ അടിഞ്ഞുകൂടി. ഇത് ഡാമിന്റെ സംഭരണശേഷി 2015ലെ പരിശോധനാ റിപ്പോർട്ടിനേക്കാൾ വീണ്ടും കുറച്ചു. 77.88 മീറ്ററാണ് ഡാമിന്റെ പരമാവധി ജലസംഭരണ ശേഷി. ഡാമിൽ അടിഞ്ഞു കൂടിയ മണ്ണും മണലും നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തി 2020 ഡിസംബർ 17ന് തുടങ്ങിയെങ്കിലും എല്ലാം നിശ്ചലമായിട്ടിപ്പോൾ മൂന്ന് വർഷം കഴിഞ്ഞു. ഇനി റീടെൻഡർ വച്ച് പുനഃരാരംഭിക്കും എന്നൊക്കെ പറയുന്നുണ്ടെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇതു മൂലം ഡാം ജലഉറവിടമാക്കി നടപ്പാക്കാൻ ലക്ഷ്യംവച്ച കുടിവെള്ള പദ്ധതിയും മുടങ്ങി കിടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |