പാലക്കാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ ജൽജീവൻ മിഷൻ വഴി പാലക്കാട് ജില്ലയിലെ ശുദ്ധജല ലഭ്യതയിൽ വൻ മുന്നേറ്റം. പദ്ധതി ആരംഭിച്ച 2019 മുതൽ കഴിഞ്ഞ ആറ് വർഷത്തിനിടെ 2,45,042 വീടുകളിൽ പുതിയ ശുദ്ധജല കണക്ഷൻ നൽകി. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും സംയുക്തമായി 50 ശതമാനം വീതം വിഹിതം വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തിന്റെ 50 ശതമാനം വിഹിതത്തിൽ 25 ശതമാനം സർക്കാരും 15 ശതമാനം പഞ്ചായത്തുകളുടെ ഫണ്ടും 10 ശതമാനം കൺസ്യൂമർ ഫണ്ടും വിനിയോഗിക്കാനായിരുന്നു ധാരണ. നിലവിൽ പഞ്ചായത്ത് കൺസ്യൂമർ ഫണ്ടുകൾ മുഴുവൻ വിനിയോഗിക്കുന്നത് സംസ്ഥാന സർക്കാർ തന്നെയാണ്. തദ്ദേശ സ്വയംഭരണം, വനം, വൈദ്യുതി, റെയിൽവേ, പി.എം.ജി.എസ്.വൈ തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണവും പദ്ധതി നടത്തിപ്പിൽ നിർണായകമായി. ജൽജീവൻ മിഷൻ പദ്ധതി ആരംഭിക്കും മുമ്പ്, പാലക്കാട് ജില്ലയിലെ 1,39,041 വീടുകളിൽ മാത്രമാണ് ടാപ് വഴി കുടിവെള്ള കണക്ഷൻ ലഭ്യമായിരുന്നത്. 2019 മുതൽ 2025 ജൂലായ് രണ്ട് വരെ പുതുതായി 2,45,042 വീടുകളിൽ ശുദ്ധജല കണക്ഷനുകൾ നൽകി. ഇതോടെ ജില്ലയിലാകെ 3,84,083 വീടുകളിൽ പൈപ്പ് വഴി കുടിവെള്ളം എത്തുന്നുണ്ട്.
1473 കോടി രൂപയുടെ നിക്ഷേപം
ആദിവാസി മേഖലകളായ അട്ടപ്പാടി, കൊല്ലങ്കോട് ബ്ലോക്കുകളിൽ 39,732 വീടുകളിൽ കുടിവെള്ള കണക്ഷനുകൾ നൽകി. ഈ മേഖലകളിലെ 60 ശതമാനത്തോളം വീടുകളിൽ ഇതിനോടകം കണക്ഷനുകൾ ലഭ്യമായിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായ മേഖലകളിൽ 1,30,837 വീടുകളിലും പൈപ്പ് കണക്ഷനുകൾ ലഭ്യമാക്കിയതായി ജൽ ജീവൻ മിഷൻ അധികൃതർ അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി ഇതുവരെ 1,473.94 കോടി രൂപ ജില്ലയിൽ നിക്ഷേപിച്ചു. ഇതുപയോഗിച്ച് പൈപ്പ് ലൈനുകൾ, ജലശുദ്ധീകരണ പ്ലാന്റുകൾ, സംഭരണ ടാങ്കുകൾ, പമ്പ് ഹൗസുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു. 39 വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിച്ചതും ഇവയിൽ പ്രധാനമാണ്. ഇതുവരെ 68 പ്രവർത്തികൾ പൂർത്തീകരിച്ചു. 314 പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുകയാണ്. 2030ഓടെ ജില്ലയിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജൽ ജീവൻ മിഷൻ കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |