ആലത്തൂർ: പ്രതിസന്ധികൾ മറികടന്ന് ചോരനീരാക്കി വിളവെടുത്ത നെല്ല് സപ്ലൈക്കോയ്ക്ക് നൽകിയതിന്റെ തുക ലഭിക്കാതെ സംസ്ഥാനത്തെ നെൽ കർഷകർ. രണ്ടു ലക്ഷത്തിലധികം കർഷകരിൽ നിന്ന് 1,645 കോടി രൂപയുടെ നെല്ലാണ് രണ്ടാംവിളയിൽ സപ്ലൈക്കോ സംഭരിച്ചത്. 55,000 കർഷകർക്ക് 462 കോടി രൂപ ഇനിയും നെല്ല് വിലയായി കൊടുക്കാനുണ്ട്. പാലക്കാട്ടെ കർഷകർക്ക് മാത്രം ലഭിക്കാനുള്ളത് 200 കോടി രൂപയാണ്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി 225 കോടി രൂപയും കൊടുക്കാനുണ്ട്.
കേന്ദ്ര താങ്ങുവില അനുവദിക്കുന്നതിലെ നടപടിക്രമം കാലതാമസമെടുക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. സപ്ലൈക്കോ സംഭരിച്ച നെല്ല് അരിയാക്കി പൊതുവിതരണ സംവിധാനത്തിലേക്ക് കൈമാറിയതിന്റേയും റേഷൻകാർഡ് ഉടമകൾക്ക് വിതരണം ചെയ്തതിന്റേയും കണക്ക് കേന്ദ്ര പോർട്ടലിൽ രേഖപ്പെടുത്തണം. നാല് മാസത്തിലൊരിക്കൽ ഇതിന്റെ കണക്ക് നൽകുന്ന പ്രകാരമാണ് താങ്ങുവില അനുവദിക്കുക. ഈ കാലതാമസം മറികടക്കാനാണ് പി.ആർ.എസ് വായ്പയായി നെല്ലുവില അനുവദിക്കുന്നതെങ്കിലും കർഷകർ അതിനും മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയിലാണ്.
2022-23ൽ റേഷൻകടകളിൽ അരിവിതരണം ചെയ്തപ്പോൾ കാർഡുടമകളുടെ വിരലടയാളം പതിപ്പിച്ചതിലെ സാങ്കേതിക പ്രശ്നംമൂലം 203 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചത് അനുവദിക്കുന്നതിൽ തീരുമാനമായിട്ടില്ല. 2025ലെ ആദ്യ മൂന്ന് മാസത്തെ 206 കോടി രൂപയുടെ കണക്ക് കൊടുത്തപ്പോൾ, നേരത്തേ അനുവദിച്ച തുകകളിൽ ഇത് കിഴിച്ചതായാണ് സൂചന. ഈ കണക്ക് സംബന്ധിച്ച അവ്യക്തത തുടരുകയാണ്. മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ പ്രതിമാസ കണക്ക് അയച്ചതിന്റെ തുകയും ലഭിച്ചില്ല.
കേന്ദ്രത്തിന്റെ താങ്ങുവിലയായി 960 കോടിയും സംസ്ഥാന പ്രോത്സാഹന വിഹിതമായി 217 കോടിയും കൈകാര്യ ചെലവായി അഞ്ചുകോടിയും കർഷകർക്ക് വിതരണം ചെയ്തതായി സപ്ലൈകോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാർ പ്രോത്സാഹനവിഹിതമായി 66 കോടി സപ്ലൈകോയ്ക്ക് നൽകാനുണ്ട്. 9 കോടി രൂപ അടുത്തിടെ അനുവദിച്ചതിന് പുറമേയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |