പാലക്കാട്: വിനോദ സഞ്ചാര ഭൂപടത്തിൽ മലമ്പുഴയ്ക്ക് ഇനി പുതിയ മുഖം. മൈസൂർ വൃന്ദാവൻ ഗാർഡൻസിന്റെ മാതൃകയിൽ മലമ്പുഴ ഉദ്യാനവും പരിസരവും നവീകരിക്കുന്നതിനുള്ള 75.87 കോടി രൂപയുടെ ബൃഹദ് പദ്ധതിക്ക് തുടക്കമായി. കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മലമ്പുഴയെ വടക്കൻ കേരളത്തിലെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി ഉയർത്താനുള്ള പ്രവൃത്തികൾ നടത്തുന്നത്. ജലസേചന വകുപ്പിന്റെ പൂർണ സഹകരണത്തോടെയാണ് ടൂറിസം വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ഇരു വകുപ്പുകളും ധാരണയിലെത്തുകയും കരാറിൽ ഏർ പ്പെടുകയും ചെയ്തതോടെ പ്രവൃത്തികൾക്ക് ഔദ്യോഗികമായി തുടക്കമായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്. മലമ്പുഴയുടെ പ്രകൃതിഭംഗിക്ക് കോട്ടം തട്ടാതെ, സന്ദർശകർക്ക് കൂടുതൽ ആധുനികവും ആകർഷകവുമായ സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി പുതിയ തീം പാർക്കുകൾ, വാട്ടർ ഫൗണ്ടനുകൾ, മറ്റ് വിനോദകേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കും. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ അനുഭവം നൽകും. കൂടാതെ ഓർക്കിഡ് പുഷ്പങ്ങൾക്കായിപ്രത്യേക ഓർക്കിഡ് പാർക്ക് ഒരുങ്ങും.
നിലവിലുള്ള ഉദ്യാനത്തിന്റെ രൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്തി, പൂന്തോട്ടത്തിന് നടുവിലൂടെ വിശാലമായ നടപ്പാതകളും വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും സ്ഥാപിക്കും. പ്രാദേശിക കാർഷിക പൈതൃകത്തിലേക്ക് വിരൽ ചൂണ്ടുന്ന പ്രത്യേക മാമ്പഴത്തോട്ടം ഒരുക്കും. അതോടൊപ്പം, പരമ്പരാഗത കലാരൂപങ്ങൾ അവതരിപ്പിക്കാനുള്ള വേദികളും നിർമ്മിക്കും. ഭിന്നശേഷിക്കാർക്ക് ഉദ്യാനത്തിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ പ്രത്യേക വഴികളും റാമ്പുകളും നിർമ്മിക്കും. പരിസ്ഥിതി സൗഹൃദപരമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഉറപ്പുവരുത്തിക്കൊണ്ട്, മലമ്പുഴയെ കൂടുതൽ വൃത്തിയുള്ളതും സുസ്ഥിരവുമായ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റും. 2026 മാർച്ച് 31ന് മുമ്പ് പദ്ധതി പൂർത്തീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |