ആലത്തൂർ: ജില്ലയിൽ ഒന്നാംവിള കൊയ്ത്ത് പുരോഗമിക്കവേ കൊയ്ത്ത് യന്ത്രത്തിനു ക്ഷാമം. ഒപ്പം വൈകിട്ട് മഴ കൂടി തുടങ്ങിയതോടെ കർഷകർ കടുത്ത ആശങ്കയിലാണ്. കൊയ്ത്ത് യന്ത്രം ലഭിക്കാത്തതിനെ തുടർന്ന് പല പാടശേഖരങ്ങളും പ്രതിസന്ധിയിലാണ്. ഉള്ള കൊയ്ത്ത് യന്ത്രങ്ങൾ പരസ്പരം ലഭ്യമാക്കിയാണ് അത്യാവശ്യം കൊയ്ത്തു നടത്തുന്നത്. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് തമിഴ്നാട്ടിൽ നിന്നുള്ള ഡ്രൈവർമാർ നാട്ടിലേക്ക് മടങ്ങിയതും പ്രതിസന്ധി ഇരട്ടിയാക്കി.
തമിഴ്നാട്ടിലും കൊയ്ത്തായിത്തുടങ്ങി. കേരളത്തെക്കാൾ ഉയർന്ന കൊയ്ത്തുകൂലി തമിഴ്നാട്ടിൽ ലഭിക്കുമെന്നതും മടങ്ങിപ്പോക്കിന് കാരണമെന്ന് കൃഷിക്കാർ പറയുന്നു. കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച യന്ത്രങ്ങളും അവിടെ കൊയ്ത്തായതോടെ തിരിച്ചുകൊണ്ടുപോയിത്തുടങ്ങി.
പെരിങ്ങോട്ടുകുറിശ്ശി പുറ്റുണ്ട പാടശേഖരത്തിൽ കൊയ്ത്ത് യന്ത്രം ലഭിക്കാത്തതിനാൽ കൊയ്ത്തു നീട്ടിയിരിക്കുകയാണ്. ഇതിനിടെ മഴയും കനക്കുകയാണ്. കനത്ത മഴയിൽ നെൽച്ചെടികൾ വീഴുന്നതാണു പ്രധാന ഭീഷണി. കൊയ്‌തെടുത്ത നെല്ല് ഉണക്കി സൂക്ഷിക്കാനും ബുദ്ധിമുട്ടുണ്ട്. അതേസമയം, വാടകയിൽ വർധനയില്ല. മണിക്കൂറിന് 2500 രൂപയാണു നിരക്ക്. ഒരു ഏക്കർ പാടം കൊയ്യാൻ ഒരു മണിക്കൂർ വേണം. ആലപ്പുഴ, മലപ്പുറം ജില്ലകളിൽ നിന്നുൾപ്പെടെ ജില്ലയിലേക്ക് കൊയ്ത്ത് യന്ത്രം എത്തിച്ചിട്ടുണ്ട്. ജില്ലയിൽ കൊയ്ത്ത് യന്ത്രങ്ങൾ പരിമിതമാണ്. കൃഷി വകുപ്പിന്റെ കീഴിലും വിരലിലെണ്ണാവുന്ന കൊയ്ത്ത് യന്ത്രങ്ങളേ ഉള്ളൂ. ഇത് മിക്കസമയത്തും കട്ടപ്പുറത്താണെന്നു കൃഷിക്കാർ പറയുന്നു. സീസൺ സമയങ്ങളിൽ ഏജന്റുമാർ മുഖേനയാണു കൊയ്ത്ത് യന്ത്ര ലഭ്യത ഉറപ്പാക്കുന്നത്.
രണ്ടാംവിളയ്ക്ക് നെൽവിത്ത് കിട്ടാനില്ല
അണക്കെട്ടിലെ വെള്ളം പ്രതീക്ഷിച്ച് അയിലൂർ മലയോര മേഖലയിൽ രണ്ടാംവിള നെൽക്കൃഷിക്കായി ഒരുക്കം തുടങ്ങി. അയിലൂർ കൃഷിഭവനുകീഴിലുള്ള ഒറവഞ്ചിറ പാടശേഖരത്തിലാണ് ഒന്നാംവിളക്കൊയ്ത്ത് പൂർത്തിയായതോടെ നിലമൊരുക്കി രണ്ടാംവിള നെൽക്കൃഷിക്കായി ഞാറ്റടി തയ്യാറാക്കിത്തുടങ്ങിയത്. മൂപ്പുകുറഞ്ഞ നെൽവിത്തുകൾ ലഭിക്കാതെവന്നതോടെ പലരും നിലവിലുള്ള വിത്തുകൾ ഉപയോഗിച്ചാണ് ഞാറ്റടി തയ്യാറാക്കിയത്.
മട്ട ഇനത്തിൽപ്പെട്ട ഉമ, ജ്യോതി, കാഞ്ചന, വർഷ, ശബരി ഇനങ്ങളും വെള്ള ഇനങ്ങളായ എഎസ്ഡി, ജ്യോതി, രോഹിണി, ജയ, പൊന്നി എന്നീ ഇനങ്ങളുമാണ് കർഷകർ ഞാറ്റടി തയ്യാറാക്കാനായി ഉപയോഗിച്ചത്. സ്ഥിരമായി കൃഷിചെയ്യുന്ന ഉമനെല്ല് മാറ്റിയാണ് മിക്ക കർഷകരും രണ്ടാംവിള നെൽക്കൃഷി ചെയ്യുന്നതിന് പുതിയ നെൽവിത്തുകൾ ഉപയോഗിച്ചത്.
വിള പരിവർത്തനഭാഗമായി പുതിയ നെൽവിത്തുകൾ കൃഷിഭവനുകളിലൂടെ ലഭിക്കുന്നതിന് കാലതാമസമുണ്ടായതോടെ മിക്ക കർഷകരും സ്വകാര്യ വിത്തുത്പാദകരിൽനിന്നും തമിഴ്നാട് സർക്കാരിന്റെ അംഗീകൃത വിത്തുത്പാദകരിൽനിന്നുമാണ് വിത്തുവാങ്ങി ഞാറ്റടി തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |