ആലത്തൂർ: താലൂക്കാശുപത്രിയിലെ സ്ഥല പരിമിതിക്കും അസൗകര്യങ്ങൾക്കും പരിഹാരമായി പുതിയ കെട്ടിടം തുറക്കുന്നു. ഇതോടെ താലൂക്ക് ആശുപത്രിയിൽ ആരോഗ്യ സേവനങ്ങൾ കൂടുതൽ സുഗമമാകും. 14.10 കോടി രൂപയുടെ കിഫ്ബിഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം ജനുവരി 31ന് വൈകീട്ട് നാലിന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. 2021ലാണ് കെട്ടിട നാർമ്മാണം തുടങ്ങിയത്. കഴിഞ്ഞ സെപ്തംബറിൽ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അസാനഘട്ട പണികൾ സമയ ബന്ധിതമായി പൂർത്തിയാക്കാനായില്ല. പഴയ ലാബ്, സ്റ്റോർ, നഴ്സിംഗ് സൂപ്രണ്ട് ഓഫീസ് കെട്ടിടങ്ങൾ എന്നിവ പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ഒ.പി വിഭാഗത്തിനു പുറമേ ലാബ്, ബ്ലഡ് സ്റ്റോറേജ്, എക്സ്‌റേ, സ്കാനിംഗ് വിഭാഗങ്ങളും ഡോക്ടർമാർക്കും ജീവനക്കാർക്കുമുള്ള വിശ്രമ കേന്ദ്രവും പുതിയ കെട്ടിടത്തിൽ ഉണ്ടാകും. നിലവിലുള്ള അത്യാഹിത വിഭാഗം നവീകരിച്ചിരുന്നു. മെഡിക്കൽ വാർഡിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഒ.പികൾ നിലവിൽ ഇവിടെയാണ് പ്രവർത്തിക്കുന്നത്. മുകളിലത്തെ നിലയിൽ നേത്രദന്ത ചികിത്സാ വിഭാഗങ്ങളാണ്. അത്യാഹിത വിഭാഗം ഇപ്പോൾ മെഡിക്കൽ വാർഡിന്റെ ഭാഗത്താണ്. പുതിയ ബ്ലോക്ക് തുറക്കുന്നതോടെ നവീകരിച്ച കെട്ടിടത്തിലേക്ക് ഇത് മാറ്റും. വെന്റിലേറ്റർ സംവിധാനമുള്ള തീവ്രപരിചരണ വിഭാഗം സജ്ജമാണെങ്കിലും ജീവനക്കാരുടെ കുറവു മൂലം പൂർണ തോതിൽ പ്രവർത്തിക്കുന്നില്ല. 2021ൽ എം.എൽ.എ ഫണ്ടിൽ നിന്ന് 1.10 കോടി രൂപ ചെലവഴിച്ച് ആശുപത്രിയോടു ചേർന്ന് വാങ്ങിയ 46 സെന്റ് സ്ഥലത്ത് കൂടി പുതിയ കെട്ടിടം നിർമ്മിച്ചാലേ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താനാകൂ. കിഫ്ബി പദ്ധതിയിൽ സംസ്ഥാനത്ത് 44 താലൂക്കാശുപത്രികളിൽ ഡയാലിസിസ് യൂണിറ്റ് ഒരുക്കിയതിൽ ഒന്ന് ഇവിടെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |