SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.47 PM IST

വടക്കഞ്ചേരി മേൽപ്പാലത്തിൽ വീണ്ടും കുത്തിപ്പൊളിക്കൽ

Increase Font Size Decrease Font Size Print Page
bridge
വടക്കഞ്ചേരി മേൽപ്പാലം അറ്റകുറ്റപ്പണിക്കായി വീണ്ടും കുത്തിപ്പൊളിച്ചപ്പോൾ.

വടക്കഞ്ചേരി: അറ്റകുറ്റപ്പണിക്കായി നിരവധി കുത്തിപ്പൊളിച്ച വടക്കഞ്ചേരി മേൽപ്പാലത്തിൽ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കുത്തിപ്പൊളിക്കൽ തുടങ്ങി. ഇതിനകം 85 തവണ പാലം കുത്തിപ്പൊളിച്ചതായാണ് കണക്ക്. ദേശീയപാതയിൽ
തൃശൂർ ഭാഗത്തേക്കുള്ള റോഡിലാണ് ഇപ്പോൾ ജോലി നടക്കുന്നത്. പതിവുപോലെ വാഹനങ്ങൾ ഒറ്റവരിയിലൂടെ തിരിച്ചുവിട്ടാണ് പ്രവർത്തനങ്ങൾ. വാഹന ഗതാഗതത്തിനായി പാലം തുറന്ന് കൊടുത്ത് അഞ്ചു വർഷത്തിനിടെയാണ് ഇത്രയും തവണ അറ്റകുറ്റപ്പണി നടന്നത്. 2021 ഫെബ്രുവരി 6നാണ് മേൽപ്പാലം തുറന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി അറ്റകുറ്റപ്പണി നടത്തിയത്. വീണ്ടും അറ്റകുറ്റപ്പണി നടത്തേണ്ട സാഹചര്യമാണിപ്പോൾ. രണ്ട് ബീമുകൾ തമ്മിൽ ചേരുന്ന ഭാഗങ്ങൾ തകരുന്നതാണ് നിരന്തരമായ അറ്റകുറ്റപ്പണിക്ക് പ്രധാന കാരണം. വേനൽക്കാലത്ത് ബീമുകൾ തമ്മിൽ അകലം കൂടി വിടവ് കൂടും. 10 സെന്റീമീറ്റർ വരെ വിടവ് ഉണ്ടാകുന്ന സാഹചര്യമുണ്ട്. മഴക്കാലത്ത് ബീമുകൾ അടുക്കുമ്പോൾ കമ്പികൾ തള്ളി പുറത്തേക്ക് വരും. ഇത് വാഹനാപകടങ്ങൾക്ക് കാരണമാകാം. വേഗത്തിൽ വരുന്ന വാഹനങ്ങൾ വിടവിലും പുറത്തേക്ക് ഉയരുന്ന കമ്പികളിലും തട്ടി നിയന്ത്രണം തെറ്റാൻ സാദ്ധ്യതയുണ്ട്. വാഹനങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ വേറെയാണ്. ചുരുക്കത്തിൽ, അനുവദനീയമായ വേഗതയിൽ പോലും വടക്കഞ്ചേരി–മണ്ണുത്തി ആറുവരി ദേശീയപാതയിലൂടെ സുരക്ഷിതമായി സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്.
വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെ 28 കിലോമീറ്റർ ദൂരത്തിനിടെ പല ഇടങ്ങളിലും തടസ്സങ്ങളുണ്ട്. ഈ മേഖലയിൽ ഒട്ടേറെ മുന്നറിയിപ്പ് ബോർഡുകൾ റോഡിൽ നിറഞ്ഞിരിക്കുകയാണ്. ഇതിനിടെ വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട് ഭാഗങ്ങളിലെ അടിപ്പാത നിർമ്മാണവും വാഹനയാത്രികരെ ബുദ്ധിമുട്ടിലാക്കുന്നു. വഴിതിരിച്ചുവിടുന്ന ഇടങ്ങളിലെല്ലാം ഗതാഗതക്കുരുക്കാണ്. ആറുവരി പാതയെന്ന പേരിൽ പന്നിയങ്കരയിൽ ഉയർന്ന ടോൾ നൽകി യാത്ര ചെയ്യുന്നവരാണ് ഇതുമൂലം നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാതെ ദുരിതമനുഭവിക്കുന്നത്.

TAGS: LOCAL NEWS, PALAKKAD, NHAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY