പാലക്കാട്: ക്രിസ്മസ്, ന്യൂ ഇയർ അവധിക്കാലത്ത് അന്തർ സംസ്ഥാന യാത്രകൾക്ക് യാത്രാ നിരക്കിൽ കൊള്ളയുമായി ബസുടമകളും റെയിൽവേയും. യാത്ര ബുക്കു ചെയ്യുന്നവരിൽ നിന്ന് ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലധികം ചാർജ്ജാണ് സ്വകാര്യ ബസുടമകൾ ഈടാക്കുന്നത്. ഉത്സവത്തോടെ വർദ്ധിച്ച തിരക്ക് മുതലെടുത്ത് യാത്രക്കാരുടെ കീശചോർത്തുകയാണ് സ്വകാര്യ ബസുകൾ. ബംഗളൂരു, ചെന്നൈ അന്തർ സംസ്ഥാന റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് സീസൺ മുതലെടുത്ത് യാത്രക്കാരെ പിഴിയുന്നത്. ബംഗളൂരുവിൽ നിന്നും പാലക്കാട്ടേക്ക് ഈ മാസം 23, 24 തിയതികളിൽ 5000 രൂപ വരെയാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്.
കെ.എസ്.ആർ.ടി.സിയിൽ നോൺ എ.സി സെമി സ്ലീപ്പറിന് 604 രൂപയും വോൾവോ എ.സിയിൽ 904 രൂപയുമാണ് ഈടാക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ ടിക്കറ്റ് കിട്ടാനില്ല. സാധാരണ സർവീസ് നടത്തുന്ന ട്രെയിനുകളിലും റിസർവേഷൻ കോച്ചുകളിൽ സീറ്റ് ലഭിക്കാത്ത സാഹചര്യമാണിപ്പോൾ.
കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതോടെ യാത്രക്കാരുടെ എണ്ണം കൊവിഡിന് മുമ്പ് ഉണ്ടായിരുന്ന സ്ഥിതിയിലേക്ക് ഉയർന്നു. അതേസമയം മിക്ക ട്രെയിനുകളും വൈകി ഓടുന്നത് യാത്രക്കാരുടെ ദുരിതം വർദ്ധിപ്പിക്കുന്നുണ്ട്.
സ്‌പെഷ്യൽ ട്രെയിനുകളിൽ പ്രത്യേക നിരക്ക്
തിരക്ക് പരിഗണിച്ച് റെയിൽവേ അനുവദിച്ച പ്രത്യേക ട്രെയിനുകളിൽ ഈടാക്കുന്നത് പ്രത്യേക നിരക്കാണ്. നിലവിലുള്ള നിരക്കിന്റെ 1.3 മടങ്ങാണ് സ്‌പെഷ്യൽ ട്രെയിനുകളിലുള്ളത്. ശബരിമല സീസണിലെ തിരക്ക് പരിഗണിച്ച് സൗത്ത് സെൻട്രൽ റെയിൽവേ 18 ജോടി വീക്കലി സ്പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചത്. ഇവയെല്ലാം സ്‌പെഷ്യൽ നിരക്കിലാണ് സർവീസ് നടത്തുന്നത്. കൊവിഡിന് മുമ്പ് വരെ തിരക്കുസമയത്ത് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കാറുണ്ടായിരുന്നെങ്കിലും സ്‌പെഷ്യൽ നിരക്ക് വാങ്ങിയിരുന്നില്ല. ഇത്തരം ട്രെയിനുകളിൽ സ്റ്റോപ്പുകൾ കുറവായതിനാൽ യാത്രക്കാർക്ക് ഉപയോഗപ്പെടുത്താനും കഴിയുന്നില്ല.
ജനറൽ കോച്ചുകളെവിടെ?
കൊവിഡിന് ശേഷം പാസഞ്ചർ, വീക്കിലി എക്സ് പ്രസ് ട്രെയിനുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാത്തതും എക്സ് പ്രസ് ട്രെയിനുകളിൽ നേരത്തേയുള്ളതുപോലെ ജനറൽ കോച്ചുകൾ ഇല്ലാത്തതുമാണ് സ്ഥിരം സാധാരണ യാത്രക്കാരുടെ ദുരിതം വർദ്ധിപ്പിക്കാൻ കാരണമായത്. കേരള എക്സ് പ്രസ് ഉൾപ്പടെയുള്ള പല ദീർഘദൂര ട്രെയിനുകളിൽ ഇനിയും ജനറൽ കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല. ആലപ്പുഴ ധൻബാദ് എക്സപ്രസിൽ നേരത്തെ ഉണ്ടായിരുന്ന നാല് ജനറൽ കോച്ചുകളിൽ രണ്ടെണ്ണം ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |