ഊരുകളിലേക്കുള്ള റോഡ് വികസനത്തിന് 70 കോടിയുടെ പദ്ധതി തയ്യാറാക്കുന്നു
പാലക്കാട്: ഗർഭിണിയായ യുവതിയെ മൂന്നര കിലോമീറ്റർ തുണിയിൽകെട്ടി ചുമന്ന് ആംബുലൻസിൽ എത്തിച്ച സംഭവം വിവാദമായതോടെ ഊരുകളിലെ ഗതാഗത സൗകര്യം വർദ്ധിപ്പിക്കാൻ സർക്കാർ പുതിയ കർമ്മ പദ്ധതി തയ്യാറാക്കുന്നു. പട്ടികവർഗ വകുപ്പ് സൈലന്റ് വാലി വനമേഖലയിലെ കുറുമ്പ ഊരുകളിലേക്കുള്ള റോഡ് വികസനത്തിന് 70 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കുന്നത്.
വനത്തിലെ കുറുമ്പ ഊരുകളായ കടുക്മണ്ണ, താഴെ തുടുക്കി, മുരുഗള, മേലേ തുടുക്കി ഊരുകളിലേക്കുള്ള യാത്രാ സൗകര്യം വർദ്ധിപ്പിക്കാൻ റോഡുകളും പാലങ്ങളും നിർമ്മിക്കുകയാണ് പദ്ധതി ലക്ഷ്യം. കടുക്മണ്ണയിലേക്കാണ് ആദ്യം റോഡെത്തുകയെന്നാണ് സൂചന.
വനം വകുപ്പിന്റെ ആനവായ് ക്യാമ്പ് ഓഫീസ് മുതൽ കടുക്മണ്ണ ഊര് വരെ റോഡും ഭവാനി പുഴയ്ക്ക് കുറുകെ പാലവും നിർമ്മിക്കാൻ ആകെ 21.53 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
താഴെ തുടുക്കി റോഡിനും 40 മീറ്ററോളം വരുന്ന വിവിധ പാലങ്ങളും നിർമ്മിക്കാൻ 16.98 കോടിയും, മുരുഗള റോഡിനും പാലത്തിനുമായി 17.04 കോടിയും, മേലെ തുടുക്കി റോഡിന് 14.18 കോടിയുമാണ് നിലവിൽ വകയിരുത്തിയിട്ടുള്ളത്. പദ്ധതി സംബന്ധിച്ച് സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ടെങ്കിലും വനം വകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ നിർമ്മാണം ആരംഭിക്കുകയുള്ളു. 4.79 കോടി ചെലവിൽ കുറുമ്പ ഊരുകളിൽ ഭൂഗർഭ കേബിൾ വഴി വൈദ്യുതി എത്തിക്കാൻ അനുമതിയായിട്ടുണ്ട്. ഇന്റർനെറ്റ് സൗകര്യത്തിന് പ്രത്യേക സംവിധാനം ഒരുക്കും. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കുടുംബശ്രീ വഴി ബ്ലോക്ക് പഞ്ചായത്ത് ധനസഹായം ലഭ്യമാക്കും. പലചരക്ക് കട വഴി സാധനങ്ങൾ വിതരണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |