പത്തനംതിട്ട: ജില്ലാ സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അബ്ദു റഹ്മാൻ പറഞ്ഞു. ജില്ലാ സ്‌പോർട്‌സ് കൗൺസിലും പത്തനംതിട്ട പ്രസ് ക്ളബും സംയുക്തമായി നടത്തിയ ഖത്തർ ലോകകപ്പ് വിജയി പ്രവചന മത്സരത്തിലെയും ഫുട്‌ബാൾ ക്വിസ് മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാനദാനവും പ്രതിഭകൾക്കുള്ള ആദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്റ്റേഡിയ നിർമ്മാണത്തിന് സാങ്കേതിക അംഗീകാരം ലഭിച്ചാലുടൻ തന്നെ ടെൻഡർ നടപടി തുടങ്ങും. പുതിയ കായികനയം ഉടൻ നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു. എല്ലാ വിദ്യാലയങ്ങളിലും കുട്ടികളുടെ കായികക്ഷമത പരിശോധന നടത്താനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്. 1500 കായിക താരങ്ങൾക്ക് ജോലി നൽകുന്ന തീരുമാനം ഉടൻ നടപ്പിൽ വരുത്തുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ലോകകപ്പ് ഫുട്ബാൾ വിജയി പ്രവചന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും മാദ്ധ്യമ പ്രവർത്തകരായ സന്തോഷ് നിലയ്ക്കൽ, നിഖിൽരാജ്, പ്രസാദ് വെട്ടിപ്രം, പ്രവീൺ പുരുഷോത്തമൻ എന്നിവർക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. മുൻ ഇന്ത്യൻ ഫുട്‌ബാൾ താരം കെ.ടി. ചാക്കോ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ എന്നിവരെ പ്രസ് ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരൻ ആദരിച്ചു. മുൻ എം.എൽ.എ രാജു ഏബ്രഹാം, നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, മുൻ നഗരസഭ ചെയർമാൻ അഡ്വ. എ സുരേഷ് കുമാർ, മത്സര കോ ഓർഡിനേറ്റർ ലെവിൻ കെ. വിജയൻ, പ്രസന്നകുമാർ, ഗിരീഷ് രവീന്ദ്രൻ, ഡോ റജിനോൾഡ് വർഗ്ഗീസ്, കെ പത്മകുമാർ, അഷ്രഫ് അലങ്കാർ, സക്കീർ ശാന്തി തുടങ്ങിയവർ പങ്കെടുത്തു. പ്രസ് ക്ലബ്സെക്രട്ടറി എ ബിജു സ്വാഗതവും സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി രാജു ഏബ്രഹാം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |