പത്തനംതിട്ട: സമ്പൂർണ്ണ സുചിത്വ ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി താഴെത്തട്ടിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ വിപുലമായ പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ തീരുമാനമായി. ജില്ലയെ സമ്പൂർണ ശുചിത്വത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെയും ശുചിത്വമിഷന്റെയും
കിലയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന നിർമ്മല ഗ്രാമം നിർമ്മല നഗരം നിർമ്മല ജില്ല പദ്ധതിയുടെ ഭാഗമായി ചരൽക്കുന്നിൽ നടന്ന മൂന്നു ദിവസത്തെ നിർവഹണ പരിശീലന ശില്പശാലയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഹരിതകർമ്മ സേന ഒരു വാർഡിൽ രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തി ഏപ്രിൽ മാസത്തിൽ പുനസംഘടിപ്പിക്കും. ഹരിതകർമ്മ സേനാംഗങ്ങൾക്ക് യൂസർഫീ ലഭിക്കുമെന്ന് ഉറപ്പാക്കും. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ശുചിത്വ കൗൺസിൽ രൂപീകരിച്ച് വിപുലമായ ശുചിത്വ കൺവൻഷൻ ഏപ്രിൽ മാസം നടത്തും.
മാലിന്യങ്ങൾ വേർതരിച്ചു ശേഖരിക്കുന്നതിന് ആവശ്യമായ എം.സി.എഫ് എല്ലാ വാർഡുകളിലും സ്ഥാപിക്കും. ഇതിനു പുറമേ ബ്ലോക്ക്തലത്തിൽ ആർ.ആർ.എഫും സ്ഥാപിക്കും. മാലിന്യ സംസ്‌കരണം സംബന്ധിച്ച് ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുന്നതിന് വാർഡ് അംഗങ്ങളും സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന സംഘം ഗൃഹസന്ദർശനം നടത്തും. കുടുംബശ്രീയെയും സാമൂഹിക സംഘടനകളെയും ഇതിൽ പങ്കാളികളാക്കും.
ഇറച്ചി മാലിന്യങ്ങൾ സംസ്‌കരിക്കുന്നതു സംബന്ധിച്ച് കടകളുമായി ധാരണയുണ്ടാക്കും. മാർക്കറ്റുകൾക്കു സമീപം മാലിന്യ സംസ്‌കരണത്തിന് തുമ്പൂർമൂഴി മാതൃകയിൽ പൊതുസംവിധാനങ്ങൾ സജ്ജമാക്കും. എല്ലാ പൊതുസ്ഥാപനങ്ങൾക്കും ശുചിത്വ പ്രോട്ടോക്കോളും ഗ്രീൻപ്രോട്ടോക്കോളും പൊതു ഇടങ്ങൾ വൃത്തിയാക്കുന്നതിന് പദ്ധതി കളും നടപ്പിലാക്കും. ഇവിടെ ചെടികളും മരങ്ങളും വച്ചു പിടിപ്പിക്കും. ഇരിപ്പിടങ്ങൾ, പൊതുജനങ്ങൾക്ക് വിനോദപരിപാടികൾക്കുള്ള അവസരങ്ങൾ എന്നിവ ഒരുക്കും.
എല്ലാ തദ്ദേശ സ്ഥാപനത്തിലും ഒരു സമ്പൂർണ ശുചിത്വ വാർഡ് എങ്കിലും ഉറപ്പാക്കും. എല്ലാ വീടുകളിലും മാലിന്യ സംസ്‌കരണത്തിന് തൊഴിലുറപ്പ് പദ്ധതി മുഖേന സംവിധാനം ഒരുക്കും. ശുചിത്വ ലക്ഷ്യം കൈവരിക്കുന്നതിന് സ്‌കൂളുകളിലെ കുട്ടികൾ മുഖേന ബോധവത്ക്കരണം നടത്തും. തദ്ദേശസ്ഥാപനങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ മുഖേന ശുചിത്വ പ്രവർത്തനങ്ങൾക്ക് വ്യാപക പ്രചാരണം നടത്തുന്നതിനും തീരുമാനമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |