തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിന്റെ ഫുഡ് ഫോർ ഫ്രീഡം കഫറ്റീരിയയിൽ നിന്ന് 4,25000 രൂപ കവർന്ന കേസിലെ പ്രതിയെ പത്തനംതിട്ട തിരുവല്ലയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പോത്തൻകോട്, മഞ്ഞമല, ഷാജിത മൻസിലിൽ മുഹമ്മദ് അബ്ദുൾ ഹാദി (26)യാണ് പിടിയിലായത്. മോഷ്ടിച്ച പണം കൊണ്ട് പ്രതി ഐ ഫോണും മറ്റ് ആഡംബര സാധനങ്ങളും വാങ്ങിയതായി പൊലീസ് കണ്ടെത്തി.
ഈ മാസം 17നായിരുന്നു മോഷണം. മോഷണക്കേസിൽ പൂജപ്പുര ജയിലിൽ ഇയാൾ ശിക്ഷ അനുഭവിച്ചിരുന്നു. ശിക്ഷാകാലത്ത് ജയിൽ കാന്റീനിലെ കൗണ്ടറിൽ ജോലിയും ചെയ്തിരുന്നു. ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയാണ് മോഷണം നടത്തിയത്. കാന്റീനിലെ വരുമാനം അവിടെത്തന്നെ സൂക്ഷിക്കുമെന്ന് പ്രതിക്ക് അറിയാമായിരുന്നു. കഫറ്റീരിയയുടെ പിറകിലെ ചില്ലുകൾ തകർത്താണ് മോഷ്ടാവ് അകത്ത് കയറി ഓഫീസിന്റെ വാതിൽ തുറന്ന് പണം കവർന്നത്. സ്വാതന്ത്ര്യദിനത്തിന് അവധിയായതിനാൽ പണം ബാങ്കിൽ അടച്ചിരുന്നില്ല. ഈ പണമാണ് പ്രതി കവർന്നത്. മോഷണദൃശ്യങ്ങൾ പതിയാതിരിക്കാനായി ക്യാമറകൾ മുകളിലേക്ക് ഉയർത്തിവച്ചിരുന്നു.
മോഷണം നടന്ന സ്ഥലത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലും, ശാസ്ത്രീയ തെളിവ് ശേഖരിച്ചതിലും ജയിലിൽ നിന്നും ശിക്ഷകഴിഞ്ഞ് ഇറങ്ങിയ ആളാണ് പ്രതി എന്ന് തിരിച്ചറിഞ്ഞു. പ്രതിക്ക് സ്ഥിരമായ, വിലാസമോ താമസസ്ഥലമോ ഇല്ലാതിരുന്നതിനാൽ പ്രതിയെ കണ്ടെത്താൻ പ്രയാസമായിരുന്നു. അന്വേഷണത്തിൽ ജയിലിൽ കഴിഞ്ഞിരുന്നവരുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് മനസ്സിലായതിനാൽ തിരുവല്ല കുമ്പനാട് ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസിന്റെ നിർദ്ദേശാനുസരണം പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ഫറാഷിന്റെ മേൽനോട്ടത്തിൽ കൻറ്റോൺമെന്റ് പൊലീസ് അസി. കമ്മിഷണർ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ, പൂജപ്പുര പൊലീസ് ഇൻസ്‌പെക്ടർ ഷാജിമോൻ,എസ്.ഐ അഭിജിത് എം, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ അനുരാഗ്, ഉണ്ണികൃഷ്ണൻ, ശ്രീജിത്ത്, ശ്രീജിത്ത്, നിജിത എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആലപ്പുഴ, പട്ടണക്കാട്, പാങ്ങോട്, പോത്തൻകോട്, ആലപ്പുഴ സൗത്ത് എന്നീ പൊലീസ് സ്റ്റേഷനുകളിലെ മോഷണ കേസുകളിലും, ബംഗളൂരുവിൽ നാലോളം ഹവാലാ കേസുകളിലും പ്രതി ഉൾപ്പെട്ടിട്ടുണ്ട്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസിൽ ഒരു വർഷം ശിക്ഷ അനുഭവിച്ചാണ് പുറത്തിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |