പത്തനംതിട്ട : മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമലനട ഇന്നലെ അടച്ചു. ഈ മാസത്തെ ആദ്യ സഹസ്രകലശാഭീഷേകം ഇന്നലെ നടന്നു. പതിവ് പൂജകൾക്കും നെയ്യഭിഷേകത്തിനും പുറമേ അഷ്ടാഭീഷേകവും കളഭാഭീഷേകവും പടിപൂജയും പുഷ്പാഭീഷേകവും എല്ലാ ദിവസവും നടന്നു. ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് ശനി, ഞായർ ദിവസങ്ങളിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചു. സന്നിധാനത്ത് എത്തിയ തീർത്ഥാടകർക്ക് ദേവസ്വം ബോർഡ് ഒരുക്കിയ അന്നദാനം ആശ്വാസകരമായി. മീനമാസ പൂജയ്ക്കായി നടതുറന്ന ശേഷം എല്ലാ ദിവസവും വൈകിട്ട് സന്നിധാനത്ത് മഴ ലഭിച്ചു. കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെയാണ് തീർത്ഥാടകർ സന്നിധാനത്ത് ദർശനം നടത്തിയത്. ഭക്തർക്ക് സന്നിധാനത്ത് നെൽപറയും മാളികപ്പുറത്ത് മഞ്ഞൾപ്പറയും വഴിപാട് സമർപ്പിക്കുന്നതിനും ദേവസ്വം ബോർഡ് സൗകര്യം ഒരുക്കിയിരുന്നു. പത്തുദിവസം നീണ്ടുനിൽക്കുന്ന പൈങ്കുനി ഉത്ര ഉത്സവത്തിനായി 26ന് വൈകിട്ട് നടതുറക്കും. 27നാണ് കൊടിയേറ്റ്. ഏപ്രിൽ 5ന് നടക്കുന്ന ആറാട്ടോടെയാണ് ഉത്സവം സമാപിക്കുന്നത്. തുടർന്ന് വിഷു മഹോത്സവത്തിനായി ഏപ്രിലിൽ വീണ്ടും നടതുറക്കും. 15നാണ് വിഷു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |