തിരുവല്ല : വള്ളംകുളം നന്നൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ ആർ.എസ്.എസിന്റെ ദേശഭക്തി ഗാനം പാടിയതിന് പിന്നാലെ വിപ്ളവ ഗാനം പാടണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ എത്തിയത് സംഘർഷത്തിൽ കലാശിച്ചു. സ്റ്റേജിന്റെ കർട്ടൻ വലിച്ചുകീറി. നോക്കിനിന്ന പൊലീസ് ഇടപെട്ടില്ലെന്ന് ആക്ഷേപം ഉയർന്നു. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം.
ഗാനമേള അവസാനിക്കാറായപ്പോൾ 'നമസ്കരിപ്പൂ ഭാരതമങ്ങേ...' എന്ന ഗാനം പാടിക്കഴിഞ്ഞപ്പോഴാണ് 'ബലികുടീരങ്ങളെ...' എന്ന ഗാനം പാടണമെന്ന് സി.പി.എം പ്രവർത്തകർ ആവശ്യപ്പെട്ടത്. ഇതോടെ സ്റ്റേജിന് മുന്നിൽ സംഘർഷവും ബഹളവുമായി. ഉന്തും തള്ളും നടക്കുന്നതിനിടെ ഭാരവാഹികളുടെ നിർദേശപ്രകാരം കർട്ടൻ താഴ്ത്തി. ഇതോടെ ബഹളം വച്ചവർ കർട്ടൻ വലിച്ചുകീറി. ഇതുപൊലീസ് നോക്കി നിന്നതല്ലാതെ സംഘർഷം ഇല്ലാതാക്കാൻ ഇടപെട്ടില്ലെന്ന് ആക്ഷേപമുയർന്നു. കർട്ടൻ നശിപ്പിച്ചവർക്കെതിരെയും ഉത്സവം അലങ്കോലമാക്കിയതിനും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രഭാരവാഹികൾ പൊലീസിൽ പരാതി നൽകി. ആലപ്പുഴയിൽ നിന്നുള്ള ഗാനമേള സംഘം ക്ഷേത്രത്തിൽ എത്തിയപ്പോൾ തന്നെ ആർ.എസ്.എസ് ഗാനം പാടുകയാണെങ്കിൽ വിപ്ളവഗാനം പാടണമെന്ന ആവശ്യം സി.പി.എം പ്രവർത്തകർ ഉന്നയിച്ചിരുന്നതായി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |